കോയമ്പത്തൂര്‍: ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുള്‍നഗര്‍ സ്വദേശി എന്‍. പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയനഗര്‍ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പൊലീസ് കസ്റ്റഡിയിലെടുത്തു.

ധനലക്ഷ്മിയെ നിരന്തരം ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട് തലയിലും മുഖത്തും കാലിലും പരിക്കേറ്റ പെരിയസ്വാമി റോഡിലെത്തിയപ്പോള്‍ മരിച്ചുവീഴുകയായിരുന്നു.

വിധവയായ ധനലക്ഷ്മിയും അമ്മ മല്ലികയും പെരിയനഗറിലാണ് താമസം. ഒരാഴ്ച മുമ്പാണ് അറിയാത്ത നമ്പറില്‍നിന്ന് ധനലക്ഷ്മിയുടെ ഫോണിലേക്ക് കോള്‍ വന്നത്. റോങ് നമ്പറാണെന്ന് പറഞ്ഞെങ്കിലും പെരിയസ്വാമി വീണ്ടും കോള്‍ ചെയ്തു. ഫോണെടുത്താല്‍ അശ്ലീലച്ചുവയോടെയായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്. ശല്യം രൂക്ഷമായതോടെ ഇയാളെ തിരിച്ചറിയാനായി യുവതി ശ്രമം തുടങ്ങി. ഒടുവില്‍ ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നേരില്‍ കണ്ടതോടെ യുവതിയും അമ്മയും ഇയാളുമായി തര്‍ക്കത്തിലായി. പിന്നാലെ തടികഷണം ഉപയോഗിച്ച് മര്‍ദിച്ചു. ആക്രമണത്തില്‍ പെരിയസ്വാമിയുടെ തലയ്ക്കും മുഖത്തും കാലിലും പരിക്കേറ്റു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍നിന്നിറങ്ങിയ പെരിയസ്വാമി അല്പദൂരം നടന്നതിന് ശേഷം റോഡില്‍ മരിച്ചുവീഴുകയായിരുന്നു.