kerala

മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി. സതീശന്‍

By sreenitha

January 02, 2026

കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്നു പറയാന്‍ കഴിയാത്ത വര്‍ഗീയത മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി  പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും, ഇതെല്ലാം പറഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ചിലരെ പൊന്നാട അണിയിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടത്താന്‍ ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ സി.പി.എം, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞുവെന്നും എന്നാല്‍ എല്ലാം തിരിച്ചടിയായെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത അവസ്ഥയിലാണെന്നും, ശബരിമല വിഷയവും ഉള്‍പ്പെടെ എല്ലാം തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം അസത്യമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നിരന്തരം എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും ഒടുവില്‍ സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ നിയമിച്ചുവെന്നും, അന്വേഷണ രഹസ്യങ്ങള്‍ പാര്‍ട്ടിക്ക് ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തുവെന്നതല്ല, ശബരിമലയിലെ സ്വര്‍ണം ആരാണ് കവര്‍ന്നത്, എവിടെയാണ് വിറ്റത്, ദ്വാരപാലക ശില്‍പം നല്‍കിയ കോടീശ്വരന്‍ ആരാണ് തുടങ്ങിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കള്‍ ഇതിനകം ജയിലിലാണെന്നും, അതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നുവെന്ന് സതീശന്‍ ആരോപിച്ചു. വടക്കാഞ്ചേരിയിലും മറ്റത്തൂരിലും പണം നല്‍കി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും, ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നവര്‍ ബി.ജെ.പിയെ പോലെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തൊടുപുഴയില്‍ 16 വയസുള്ള മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ജോലി നിന്ന് പുറത്താക്കിയ സംഭവവും സതീശന്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് നെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന മുഖ്യമന്ത്രിയുടെ വാദം തമാശയാണെന്നും, ആര്‍.എസ്.എസ് പിന്തുണയോടെ 1977ല്‍ നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും സതീശന്‍ പറഞ്ഞു. തൃശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായി സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് പൂര്‍ണമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും, പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും, കേരളത്തിലെ പൊലീസ് സംവിധാനം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.