പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റും വല്ലപ്പുഴ സ്‌കൂളിലെ അധ്യാപികയുമായ കെ.പി ശശികലയ്‌ക്കെതിരെ വീണ്ടും പരാതി. ക്ലാസെടുക്കാതെ ഹാജര്‍ രേഖപ്പെടുത്തി പുറത്തുപോകുന്നുവെന്നാണ് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നത്. ഇത് ശശികലയുടെ പ്രതികാര നടപടിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ നവംബറിലാണ് വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ചതിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരവുമായി രംഗത്ത് എത്തിയിരുന്നത്.

തുടര്‍ന്ന് നാട്ടുകാരോട് വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. എന്നാല്‍ വിവാദം അവസാനിച്ചതിന് ശേഷം ശശികല ക്ലാസെടുക്കാന്‍ കൂട്ടാക്കുന്നില്ലാണ് പരാതിയില്‍ പറയുന്നത്. ക്ലാസെടുക്കാതെ ശമ്പളം പറ്റുന്ന അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം പ്രധാനാധ്യാപകനില്ലാത്ത സ്‌കൂളില്‍ അവരുടെ ചുമതല കൂടി നിര്‍വഹിക്കേണ്ട അവസരങ്ങളില്‍ മാത്രമാണ് ക്ലാസെടുക്കാന്‍ പോവാത്തത് എന്നാണ് ശശികല നല്‍കുന്ന വിശദീകരണം.