ഗുജറാത്ത് കലാപത്തെകുറിച്ചുള്ള ഇന്ത്യന്‍ ജനതയുടെ ബോധ്യങ്ങളെ മുഴുവന്‍ നിരാകരിക്കുന്നതിനായി പരമോന്നത നീതിപീഠം തന്നെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. വിധിക്കുപിന്നാലെ അരങ്ങേറുന്ന ഡല്‍ഹി പൊലീസിന്റെ ഇടപാടുകള്‍ രാജ്യം വന്നുപെട്ട ആപത്തിന്റെ ആഴം തുറന്നുകാട്ടുന്നു. ഗുജറാത്ത് കലാപത്തിന്പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കലാപത്തില്‍ കൊലക്കിരയായ ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കലാപത്തിന്പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സാകിയയും അവരെ സഹായിച്ചവരും ഇത്രയും കാലം നിയമപ്രക്രിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇതില്‍ പങ്കാളികളായ എല്ലാവരെയും കോടതി കയറ്റി നിയമ നടപടിയെടുക്കണമെന്ന അഭിപ്രായവും വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധി വന്നയുടനെ പരാതിക്കാരിയായ സാകിയ ജാഫ്രിയും അവരെ നിയമപോരാട്ടത്തിന് സഹായിച്ചവരും മാപ്പു പറയണമെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദിനെയും റിട്ട. പൊലീസ് മേധാവി ആര്‍. ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ജനാധിപത്യ വിശ്വാസികളായ ജനങ്ങളും ഇപ്പോഴും അധികാര കേന്ദ്രങ്ങളുടെ മുമ്പാകെ മുട്ടിലിഴഞ്ഞുതുടങ്ങിയിട്ടില്ലാത്ത മാധ്യമങ്ങളും കോടതി വിധിയെയും ശേഷമുണ്ടായ പൊലീസ് നടപടികളെയും അപലപിച്ചും പ്രതിഷേധിച്ചും വരുമ്പോഴേക്കും മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റിലായി. സംഘ്പരിവാരവും രാജ്യത്തെ ഭരണകൂടവും നുണ പരത്തിയും അവാസ്തവങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ സത്യാവസ്ഥയും നിജസ്ഥിതിയും തെളിവുസഹിതം തുറന്നുകാട്ടിയ മാധ്യമമാണ് ആള്‍ട്ട് ന്യൂസ്. മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനു തൊട്ടുപിന്നാലെ പ്രതിഷേധം പ്രകടപ്പിച്ച ശശിതരൂര്‍ എം.പി വിശേഷിപ്പിച്ചതു പോലെ അസത്യങ്ങളെ പൊളിച്ചെഴുതുന്ന വസ്തുതാപരിശോധനയാണ് ആള്‍ട്ട് ന്യൂസിന്റെ സേവനം. അതിന്റെ മുഖ്യശില്‍പിയെ അറസ്റ്റ് ചെയ്യുന്നത് സത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. രാജ്യവും രാജ്യത്തിന്റെ ഉന്നതമൂല്യങ്ങളും പരാജയപ്പെടുത്തപ്പെടുന്നതരത്തില്‍ ഭരണകൂടം അതിനെതിരെ പ്രതികരിക്കുന്നവരെ മുഴുവന്‍ നിശബ്ദരാക്കാന്‍ പണിപ്പെടുകയാണ്. സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധതകൊണ്ട് ചെറു ശബ്ദങ്ങളുയര്‍ത്താന്‍ തുനിഞ്ഞവരെ മുഴുവന്‍ തുറുങ്കിലടക്കുകയാണ്. ടീസ്ത സെത്തല്‍വാദായാലും ആര്‍.ബി ശ്രീകുമാറായാലും മുഹമ്മദ് സുബൈറായാലും സുഖപ്രദമായ, നല്ല ശമ്പളമുള്ള ജോലികളും പദവികളും ഉപേക്ഷിച്ചു, രാജ്യം കടന്നുപോകുന്ന ഇരുട്ടില്‍ വെളിച്ചത്തിന്റെ ഇത്തിരിവെട്ടം പരത്താന്‍ തുനിഞ്ഞവരാണ്. തിന്മയെയും ശക്തരെയും എതിര്‍ത്തുജീവിക്കുന്നതിനുപകരം രാജ്യത്തെ നിശബ്ദ മഹാഭൂരിപക്ഷത്തെപ്പോലെ മാസശമ്പളവും വാരാന്ത്യ അവധിയും സുഖജീവിതവുമായി അവര്‍ക്കും കഴിയാമായിരുന്നു. സത്യം ജയിച്ചുകാണാന്‍ സ്വജീവിതം ഹോമിക്കുന്നവരാണവര്‍. അവരോടുള്ള കടം വീട്ടാന്‍ ഒരുപാട് സമയമെടുക്കും.

സുപ്രിംകോടതിയെ ഭരണകൂടത്തെ പ്രീണിപ്പിക്കാനുള്ള വേദിയാക്കിയ ജസ്റ്റിസുമാരുടെ സമീപകാല ചരിത്രം മുമ്പിലുണ്ട്. ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് രാജ്യത്താദ്യമായാണ്. അദ്ദേഹം പുറപ്പെടുവിച്ച നിര്‍ണായക വിധികള്‍ക്കുള്ള പാരിതോഷികമാണ് രാജ്യസഭാംഗത്വമെന്ന് ആക്ഷേപമുണ്ട്. അയോധ്യയില്‍ പുതിയ ക്ഷേത്രം നിര്‍മിക്കാന്‍ വഴിയൊരുക്കുന്ന ഉത്തരവ് പുറപ്പെടുവിച്ച രാത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഘോഷിച്ചതായി വെളിപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ട് ഈ മുന്‍ ചീഫ് ജസ്റ്റിസ്. ‘ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണതുള്ളത്. 2019 നവംബര്‍ ഒമ്പതിന് വിധി പുറപ്പെടുവിച്ചശേഷം ഡല്‍ഹിയിലെ താജ്മാന്‍സിങ്ങില്‍ ചൈനീസ് വിഭവങ്ങളും വിശിഷ്ടമായ വൈനും കഴിച്ച് ആഘോഷിച്ചെന്നാണ് വെളിപ്പെടുത്തല്‍. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കിയ വിധിയും അദ്ദേഹത്തിന്റെ വകയാണ്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ട കേസിലെ അന്വേഷണം അവസാനിപ്പിച്ചതും ഈ ജഡ്ജിയുടെ കാലത്താണ്. ജഡ്ജ് ബി.എച്ച് ലോയയുടേത് സ്വാഭാവിക മരണമായിരുന്നുവെന്ന സുപ്രിംകോടതിവിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അതേ ബഞ്ച് തള്ളി. ആ കേസില്‍ വാദം കേട്ട ജസ്റ്റിസുമാരില്‍ ഒരാളാണ് ഇപ്പോഴത്തെ വിധി പ്രസ്താവിച്ചത് എന്നതുകൂടി ചേര്‍ത്തുവായിക്കണം. ഇന്ത്യയില്‍ ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും തിരുത്തുന്നതിന്‌വേണ്ടി ജനങ്ങള്‍ അവസാനത്തെ ആശ്രയമായി സമീപിക്കുന്നത് ജുഡീഷ്യറി എന്ന മഹത്തായ ഭരണഘടനാസംവിധാനത്തെയാണ്. ആ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ നീതിക്കുവേണ്ടി പൗരന്മാര്‍ ആരെയാണ് സമീപിക്കുക. ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും മുഹമ്മദ് സുബൈറിന്റെയും അറസ്റ്റ് കൃത്യമായും ജുഡീഷ്യറിയെ ഉപയോഗിച്ചുള്ള ഭരണകൂട വേട്ടയാണെന്നതില്‍ രാജ്യത്താര്‍ക്കും സംശയമില്ല. നിയമത്തിന്റെയും നീതിയുടെയും രക്ഷകരാകേണ്ടവരാണ് ഭരണാധികാരികള്‍. അവരുടെ തെറ്റായ നയങ്ങളെയും നടപടികളെയും അതത് സമയത്ത് തിരുത്തുക എന്ന ഭരണഘടനാപരമായ ദൗത്യമാണ് ജുഡീഷ്യറിക്കുള്ളത്.

ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുമ്പോള്‍ പ്രതിരോധിക്കേണ്ട ജുഡീഷ്യറി ഭരണകൂട പക്ഷം ചേരുന്നത് ദൗര്‍ഭാഗ്യകരമാണ്. സംഘ്പരിവാറിനോട് രാജിയാകാന്‍ സന്നദ്ധരാകാത്തവരെ ഭരണകൂടം ഭരണഘടനാസ്ഥാപനങ്ങള്‍ ദുര്‍വ്യയം ചെയ്തു വേട്ടയാടുമ്പോള്‍ രാജ്യത്ത് നീതി ലഭ്യമാവില്ലെന്ന നിരാശയാണ് പരക്കുന്നത്. എതിര്‍ശബ്ദങ്ങളെ ജയിലിലടച്ച് നിശബ്ദമാക്കാനുള്ള ശ്രമം രാജ്യത്തിന്റെ നിലനില്‍പിനെയാണ് അപായപ്പെടുത്തുക. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ വിധിവന്നയുടനെ ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനകള്‍ ഈ വിധിക്കുപിന്നിലെ താല്‍പര്യങ്ങള്‍ വെളിവാക്കിയിരുന്നു. തൊട്ടുടനെയുണ്ടായ ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ് അഭ്യൂഹങ്ങള്‍ ശരിവെക്കുന്നതുമായി.

രാജ്യത്തെ പിടിച്ചുലച്ച ഗുജറാത്ത് വംശഹത്യ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. പ്രസ്തുത നരഹത്യ ആസൂത്രണം ചെയ്‌തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് സ്വതന്ത്രരാണ്. ബില്‍ക്കിസ് ബാനുവിനെ പോലുള്ള ഏതാനും ഇരകള്‍ക്ക് വളരെ വൈകി ലഭിച്ച നീതിയാണ് അപവാദം. ഗുജറാത്തിലെ വിവിധ മുസ്‌ലിം കോളനികളില്‍ ആയിരക്കണക്കിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അരുംകൊലകളും കൂട്ടബലാത്സംഗങ്ങളും കൊള്ളയും തീവെപ്പും ദിവസങ്ങളോളം തുടര്‍ന്നു. അന്ന് ഗര്‍ഭിണിയായിരിക്കെ കലാപകാരികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ബില്‍ക്കീസ് ബാനുവിന് കോടതി നീതി കനിഞ്ഞത് പതിനാറ് കൊല്ലം കഴിഞ്ഞാണ്. പക്ഷേ ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയെ പോലുള്ളവര്‍ക്കു നീതി കിട്ടിയതേയില്ല. ഗുജറാത്ത് സര്‍ക്കാര്‍ കലാപക്കേസില്‍ തോറ്റുപോയത് ബില്‍ക്കീസ് ബാനുവിനു മുമ്പിലാണ്. ടീസ്റ്റ സെതല്‍വാദിന്റെ ഇടപെടലാണ് ഒരു പരിധിവരെ നിയമ പോരാട്ടത്തില്‍ ബില്‍ക്കീസിനു തുണയായത്.

ബില്‍ക്കീസിന്റെ നിയമപോരാട്ടം വിജയത്തിലെത്തിച്ചതിനുപിന്നില്‍ ടീസ്റ്റ സെതല്‍വാദിന്റെ കഠിന പരിശ്രമങ്ങളുണ്ടെന്നു മാത്രമല്ല, ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഗുജറാത്ത് കലാപത്തിലാണ് ഏറ്റവും വലിയ വസ്തുതാന്വേഷണവും അവയുടെ രേഖപ്പെടുത്തലും നടന്നത്. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോര്‍ണി ജനറലായിരുന്ന എം.സി സെതല്‍വാദിന്റെ പൗത്രിയായ ടീസ്റ്റയാണ് ആ വിവരശേഖരണം കൃത്യമായി നടത്തി പ്രസിദ്ധപ്പെടുത്തിയത്. അവരുടെ പ്രസിദ്ധീകരണമായ കമ്യൂണലിസം കോംപാറ്റിന്റെ 2002 മാര്‍ച്ച് ഏപ്രില്‍ ലക്കം കലാപത്തിന്റെയും കലാപത്തിലേക്ക് നയിച്ച മുന്നൊരുക്കങ്ങളുടെയും രേഖയാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് കമ്യൂണലിസം കോംപാറ്റ് പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ സാമ്പത്തിക ഉപരോധമെന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമുയര്‍ത്തിയാണ് ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ കലാപത്തിനും വംശഹത്യക്കുമുള്ള മുന്നൊരുക്കം നടന്നത്.

ഗോധ്ര സംഭവത്തിന് എത്രയോ മുമ്പു തന്നെ ഇങ്ങനെ കലാപത്തിനുവേണ്ടി ഗുജറാത്തിയില്‍ പ്രചരിപ്പിക്കപ്പെട്ട സംഘി സാഹിത്യങ്ങള്‍ കണ്ടെടുത്തു തര്‍ജമ ചെയ്തുകൊണ്ട് കമ്യൂണലിസം കോംപാറ്റ് പ്രസിദ്ധീകരിച്ചു. കലാപത്തിന്റെ നടത്തിപ്പുകാരുടെ ചൊല്‍പടിക്കു നില്‍ക്കാന്‍ കൂട്ടാക്കാത്ത രണ്ടു സുപ്രധാന പൊലീസ് മേധാവികളാണ് ആര്‍.ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും. അവരോടുള്ള പക തീരാത്തതിന്റെ കാരണമിതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനാസ്ഥാപനങ്ങളെയും കലാപം ഒരര്‍ത്ഥത്തില്‍ പൊളിച്ചെഴുതിക്കളഞ്ഞു. അതുകൊണ്ടാണ് ജനാധിപത്യം അപകടത്തിലാവുമ്പോള്‍ കാവലാവേണ്ട ജുഡീഷ്യറി ജനാധിപത്യത്തിന്റെ കുഴിച്ചുമൂടലിനു സാക്ഷ്യം വഹിക്കുന്നത് കാണേണ്ടിവരുന്നത്. അതുകൊണ്ടുതന്നെയാണ് സത്യം ജയിച്ചുകാണാന്‍ സ്വജീവിതം ഹോമിക്കുന്നവരെ വല്ലാതെ ആദരിക്കുന്നതും. ഇപ്പോള്‍ നാം അവര്‍ക്കുവേണ്ടി സംസാരിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നാളെ നമുക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ലാതാവും.