ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡല്‍ഹി പൊലീസിനെതിരെ കോടതി. ഉമര്‍ ഖാലിദിനെതിരായ കുറ്റപത്രത്തിന്റെ കോപ്പി അദ്ദേഹത്തിന് നല്‍കണമെന്നും ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുരോഷത്തം പഥക് നിര്‍ദേശിച്ചു. ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും ഉമര്‍ ഖാലിദിന് കൈമാറാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. റിമാന്‍ഡ് അപ്ലിക്കേഷന്‍, റിമാന്‍ഡ് ഓര്‍ഡര്‍, റിമാര്‍ഡ് റിപ്പോര്‍ട്ട്, പൊലീസ് കസ്റ്റഡിയില്‍ നടന്ന മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് തുടങ്ങിയവയുടെ കോപ്പികളും ഉമര്‍ ഖാലിദിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ഭരണഘടനയുടെ 22-ാം വകുപ്പ് പ്രകാരം ആരെയെങ്കിലും തടഞ്ഞുവെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് ആര്‍ട്ടിക്കിള്‍ 21 എ വ്യക്തമായി പറയുന്നുണ്ട്. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലും ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ അറസ്റ്റിന്റെ കാരണം ഉമര്‍ ഖാലിദിനെ അറിയിച്ചിട്ടുണ്ടെന്നും രേഖകള്‍ കൈമാറണെന്ന് നിയമം പറയുന്നില്ല എന്നുമായിരുന്നു ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് രേഖകള്‍ ഉമര്‍ ഖാലിദിന് കൈമാറാന്‍ കോടതി ഉത്തരവിട്ടത്.