ഡല്‍ഹി: രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,68,912 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടിയ രോഗബാധയാണ് ഇത്. ഇതോടെ ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം 12,01,009 ആയി ഉയര്‍ന്നു. 1.2 കോടിയാണ് ഇതുവരെയുള്ള രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,086 പേരും രോഗമുക്തി നേടി.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയര്‍ന്ന രോഗബാധ. 63,294 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ 15,276, ഡല്‍ഹി 10,774 എന്നിങ്ങനെയാണ് ഉയര്‍ന്ന രോഗവ്യാപന നിരക്കുള്ള മറ്റു സംസ്ഥാനങ്ങള്‍.രോഗബാധാ നിരക്കിനൊപ്പം മരണ നിരക്കും ഉയരുന്നുണ്ട്. 904 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ മരണത്തിന്റെ 89.16 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്.