ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിന് ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില. 18 നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നടത്തേണ്ട ഒറ്റ ഡോസ് വാക്‌സിന് നല്‍കേണ്ടി വരുന്നത് 700 രൂപ മുതല്‍ 1500 രൂപ വരെയാണ്.
വാക്‌സിന്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യേണ്ട കോവിന്‍ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ ഈടാക്കിയ തുകയുടെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
സിറം ഇന്‍സ്റ്റ്യൂട്ടിന്റെ കോവീഷീല്‍ഡ് വാക്‌സിന് 700 മുതല്‍ 900 വരെയാണ് വില. ഭാരത് ബയോടെകിന്റെ കോവാക്‌സിന് 1200 മുതല്‍ 1500 രൂപ വരെയാണ് വില ഈടാക്കുന്നത്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന രണ്ടു വാക്‌സിനുകള്‍ക്ക് ഇരട്ടിയിലധികമാണ് വില വ്യത്യാസം.