ജനീവ: ലോകത്ത് പത്തില്‍ ഒരാള്‍ക്കു വീതം കോവിഡുണ്ടെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് മൂന്നര കോടി പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും ലോകത്തെ യഥാര്‍ഥ കോവിഡ് കണക്കെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് കാരണം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.

കോവിഡ് വ്യാപനം ആരംഭിച്ചിട്ട് പത്തു മാസം പിന്നിട്ടു. ഇപ്പോഴും വ്യാപനത്തിന്റെ കാര്യത്തില്‍ ഒരു കുറവുമില്ലെന്നും പല രാജ്യങ്ങളും കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്നും സംഘടന പറയുന്നു.

രാജ്യങ്ങള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതും കോവിഡ് ബാധ വര്‍ധിക്കുന്നതിനു കാരണമായതായി യോഗം വിലയിരുത്തി. അതേസമയം കോവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിന്‍ എല്ലാവരിലും എപ്പോള്‍ എത്തിക്കാന്‍ സാധിക്കുമെന്നതിലോ ആയ നിഗമനത്തിലെത്താന്‍ യോഗത്തിനായില്ലെന്നാണ് വിവരം.