തൃശൂര്‍: യുഡിഎഫ് മതതീവ്രവാദികളുടെ കയ്യില്‍പെട്ടുപോയെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സിഎ.പി നേതാവ് സിപി ജോണ്‍ രംഗത്ത്. പ്രസ്താവന അതിശയിപ്പിച്ചുവെന്നും തലച്ചോറില്‍ കാക്കിനിക്കറിട്ടയാളാണ് കോടിയേരിയെന്നും സിപി ജോണ്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിച്ചു.

യുഡിഎഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സിപിഎം തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടുന്ന മുന്നണിയിലാണ്. സിപിഎമ്മും സിപിഐയും ജയിച്ചതില്‍ ലീഗിന്റെ വോട്ടുണ്ട്. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹായമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത് ആലപ്പുഴയിലെ ഒരുസീറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി മുമ്പ് സംസാരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഖ്യമില്ല. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരുമായി പ്രാദേശിക തലത്തില്‍ സംസാരിക്കുമെന്നാണ് യുഡിഎഫ് തീരുമാനം. അതില്‍ യാതൊരു മറയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎം ഹസനും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേരുമ്പോള്‍ മുസ്‌ലിം തീവ്രവാദമെന്ന് പറയുന്നു. കാക്കിട്രൗസറല്ല, തലച്ചോറില്‍ കാക്കിനിക്കറിട്ടയാളാണ് കോടിയേരി. ലീഗടക്കമുള്ള പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ സുരേന്ദ്രനും ശശികല ടീച്ചറും പറയാത്ത വര്‍ഗീയത കോടിയേരി പറഞ്ഞത് ഇടതുപക്ഷത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ സി.ബി.ഐയെ വിളിച്ചെന്ന് പറയുന്നവര്‍ അലനും താഹക്കും വേണ്ടി എന്‍ഐഐയാണ് വിളിച്ചത്. എത്രയോ പേരെ ഏറ്റുമുട്ടലിലൂടെ കൊന്നു. നിങ്ങളുടെ ഡിജിപി അമിത് ഷായിലേക്കുള്ള പാലമായി വര്‍ത്തിക്കുന്നു സിപി ജോണ്‍ പറഞ്ഞു.