അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സി.പി സുഗതന്‍. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’ എന്നാണ് സുഗതന്‍ മാണിയെക്കുറിച്ച് പറഞ്ഞത്. കെ.എം മാണിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദമായ പോസ്റ്റിടുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി അനുശോചിക്കുന്ന സമയത്താണ് സുഗതന്റെ അധിക്ഷേപം വരുന്നത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വിമര്‍ശനം ഉയരുകയായിരുന്നു. സുഗതനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്നായിരുന്നു പലരുടേയും ഭാഗം. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് സുഗതന്‍ തലയൂരി. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സിപിഎമ്മിന്റെ വനിതാ മതിലിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു സി.പി സുഗതന്‍. നവോത്ഥാനമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളില്‍ നിന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചില്ലെന്ന് കുറിച്ചവരും ഏറെയാണ്.