കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.എമ്മിന്റെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. കേരള ചരിത്രത്തില്‍ സി.പി.ഐക്ക് മാന്യമായൊരു സ്ഥാനമുണ്ട്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി. പത്തു വര്‍ഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്. എന്നാല്‍, സി.പി.എമ്മിന്റെ വഞ്ചനയില്‍ വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ വല്ലാതെ പെടാപാട് പെടുന്നതാണ് കണ്ടത്.
എല്ലാ കാലത്തും വഞ്ചന സി.പി.എമ്മിന്റെ കൂടെപ്പിറപ്പാണ്. തൊഴിലാളികളെയും അടിസ്ഥാന വര്‍ഗത്തെയും മതേതരത്വത്തെയുമെല്ലാം ഒറ്റുകൊടുത്തതാണ് സി.പി.എമ്മിന്റെ ചരിത്രം. ഇപ്പോഴും അതില്‍ വലിയ മാറ്റമില്ലെന്ന് മാത്രമല്ല, സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലവുമായിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തേ ആഭ്യന്തര വകുപ്പ് സംഘപരിവാറിന് തീറെഴുതിയവര്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ വിദ്യാഭ്യാസസാംസ്‌കാരിക വിഭാഗങ്ങളും അവര്‍ക്ക് അടിയറവ് വെച്ചിരിക്കുന്നു. ജനാധിപത്യത്തിന് പകരം ഏകാധിപത്യം അരക്കിട്ടുറപ്പിച്ച സി.പി.എമ്മിന്റെ വല്ല്യേട്ടന്‍ നയത്തിനെതിരെ സഹികെട്ടാണ് സി.പി.ഐ ദുര്‍ബലശബ്ദമെങ്കിലുമുയര്‍ത്തിയത്.
പി.എം ശ്രീ കരാറിലും യൂണിവേഴ്‌സിറ്റി വി.സി ഒത്തുതീര്‍പ്പിലുമെല്ലാം സി.പി.എമ്മിന്റെ ചതിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയമാണ്. ഇതിന്റെ പകപോക്കാന്‍ പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സി.പി.ഐയെ കൊട്ടുന്നത്. തീവ്ര വലതുപക്ഷമായി സി.പി.എം മാറിയതിന്റെ ദുരന്തം പേറുന്ന എല്‍.ഡി.എഫിന് ഇടതുപക്ഷം എന്ന പേരുപയോഗിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. അല്‍പമെങ്കിലും ഇടതു മൂല്ല്യബോധമുള്ള സി.പി.ഐ വഞ്ചകരുടെ കൂടാരംവിട്ട് പുറത്തുവരാന്‍ വൈകരുതെന്നും ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.