കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ എട്ട് മണിയോടെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് സക്കീര്‍ കീഴടങ്ങിയത്. മാധ്യമങ്ങളെ വെട്ടിച്ച് കാര്‍ പാര്‍ക്കിങ് ഏരിയയിലൂടെ രഹസ്യമായാണ് സക്കീര്‍ അകത്തു കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 ദിവസത്തെ ഒളിവിന് ശേഷമാണ് സക്കീര്‍ കീഴടങ്ങുന്നത്.

സക്കീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈവിട്ടതോടെ സക്കീര്‍ ഒറ്റപ്പെട്ടിരുന്നു. തുടക്കത്തില്‍ പിന്തുണയുമായി എത്തിയ കളമശ്ശേരി ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു.

അതിനിടെ സക്കീര്‍ കളമശ്ശേരിയിലെ ഓഫീസില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും പിടികൂടിയിരുന്നില്ല. ഇത് വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്.