തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുമ്പോള്‍ വിഎസ് അച്യുതാനന്ദനെ വീണ്ടും സിപിഎം രംഗത്തിറക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കൊടുത്ത് നിശബ്ദനാക്കി നിര്‍ത്തിയ വിഎസിനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രംഗത്തിറക്കാനാണ് സിപിഎം തീരുമാനം. കഴിഞ്ഞ ദിവസം വിഎസിന്റെ ജന്‍മദിനമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി സോഷ്യല്‍ മീഡിയയില്‍ വിഎസിന്റെ ജന്‍മദിനാശംസകള്‍ കൊണ്ട് നിറയുന്നതാണ് കേരളം കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഎസിനെ കുറിച്ച് വിശദമായ കുറിപ്പടക്കം ചേര്‍ത്താണ് ആശംസാസന്ദേശം പോസ്റ്റ് ചെയ്തത്.

പുന്നപ്ര വയലാര്‍ സമരത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ഇന്ന് വിഎസ് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഏറ്റെടുത്ത് വീണ്ടും സഖാക്കള്‍ വിഎസിനെ വാഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ നാലരവര്‍ഷം പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെക്കുറിച്ച് മാത്രം വീരവാദം മുഴക്കിയിരുന്ന സിപിഎം അണികളും നേതാക്കളും തെരഞ്ഞെടുപ്പ് അടുത്തതോടെ വിഎസിനെ തേടിയെത്തുന്നതാണ് കേരളം കാണുന്നത്. സ്വര്‍ണക്കടത്ത്, പിഎസ്‌സി അട്ടിമറി, ലൈഫ് മിഷന്‍ ക്രമക്കേട്, രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം തുടങ്ങി സമ്പൂര്‍ണ ഭരണപരാജയം നേരിടുന്ന സര്‍ക്കാറിനെ വീണ്ടും വിഎസിന് ആദര്‍ശത്തിന്റെ പ്രതിച്ഛായ ചാര്‍ത്തിക്കൊടുത്ത് രക്ഷിക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്.

എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന പേരില്‍ കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റി സുഖജീവിതം നയിക്കുന്ന വിഎസിന്റെ ആദര്‍ശത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായിക്ക് ശല്യമില്ലാതെ മുഖ്യമന്ത്രിയാണ് സിപിഎം ഒരുക്കിയ ഫോര്‍മുലയായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം. സിപിഎമ്മിലെ ആഭ്യന്തര കലഹം തീര്‍ക്കാന്‍ കോടികളുടെ അധികഭാരമാണ് പൊതുജനങ്ങളുടെ തലയില്‍ സിപിഎം നേതൃത്വവും സര്‍ക്കാറും കെട്ടിവെച്ചത്. ഇതിനെ യാതൊരു മടിയുമില്ലാതെ സ്വീകരിച്ച വിഎസിന്റെ ആദര്‍ശമുഖത്തിന്റെ കാപട്യം ഇതിനകം തന്നെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് വസ്തുത.