X

കൊടിമരത്തിന്റെ പേരില്‍ കടക്ക് ലൈസന്‍സ് നിഷേധിച്ചു സി.പി.എം ഭരണസമിതിക്കെതിരെ ജനരോഷം


നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്‍സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്‍ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് അനുഭാവിയായ തോട്ടുങ്കല്‍ സിദ്ദിഖിനാണ് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയത്. കെട്ടിടത്തിന് മുമ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പതാകയുമാണ് അനുമതിക്ക് തടസ്സമാവുന്നത്.കൊടിമരം പിഴുതു മാറ്റണമെന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ആവശ്യം സിദ്ദിഖ് അനുസരിച്ചിരുന്നില്ല. ഇതോടെ കെട്ടിടത്തിന്റെ ലൈസന്‍സ് ചുവപ്പ് നാടയില്‍ കുരുങ്ങുകയായിരുന്നു. വീടിനോട് ചേര്‍ന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി കെട്ടിടത്തിന്റെ ലൈസന്‍സിനായി ഇദ്ദേഹം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് .മാന ദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കെട്ടിടത്തിനെതിരെ പരാതി ഉണ്ടെന്നും അതിനാല്‍ ഗ്രാമപഞ്ചായത്തിന് ലൈസന്‍സ് നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ പുതുതായി ചാര്‍ജെടുത്ത ഓവര്‍സിയര്‍ കടയില്‍ എത്തി കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മുറിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇത് പ്രകാരം കോണ്‍ക്രീറ്റ് മുറിച്ചുകളയുകയുമുണ്ടായി. മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് സിദ്ദിഖിനോട് പറഞ്ഞാണത്രേ ഉദ്യോഗസ്ഥന്‍ സ്ഥലം വിട്ടത് പിന്നീട് ഒരു വര്‍ഷം കാത്ത് നിന്നിട്ടും കെട്ടിടത്തിന് ലൈസന്‍സ് ലഭിച്ചില്ല. പരാതിക്കാരന്‍ ആരെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയില്ലെന്ന് സിദ്ധീഖ് പറയുന്നു. .ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദിഖ് കടയില്‍ ചായയും പലഹാരവും ഒപ്പം അനാദി സാധനങ്ങളുമാണ് വില്‍ക്കുന്നത്. മലയോരത്തെ ചെറു കടയ്ക്കാണ് ഇല്ലാത്ത മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അനുമതി നിഷേധിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചതിന്റെ പകയാണ് നടപടിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന് ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.

web desk 1: