കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ പിണറായി പഞ്ചായത്തില്‍ സ്വന്തം വീടിനു മുന്നില്‍ വച്ച പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റണമെന്ന് സ്ഥാനാര്‍ഥിക്ക് ഭീഷണി. പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മിജു സജീവന്റെ പ്രചാരണ ബോര്‍ഡ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനാണ് വനിത സ്ഥാനാര്‍ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതുവരെ എല്‍ഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇപ്പോള്‍ മര്യാദക്കാണ് സംസാരിക്കുന്നതെന്നും അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നും സിപിഎം നേതാവ് പറയുന്നുണ്ട്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം നടപ്പാക്കുന്ന ഫാസിസത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. തങ്ങളല്ലാത്ത മറ്റാരും മത്സരിക്കാനോ ആശയപ്രചാരണം നടത്താനോ പാടില്ലെന്നാണ് സിപിഎം നിലപാട്. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലടക്കം സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇത്തരം ഭീഷണികൊണ്ടാണ്.