റസാഖ് ആദൃശ്ശേരി

മത വിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസമാകാമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഒരറബിക്കഥയെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. വേടന്റെ വലയില്‍ കുടുങ്ങിയ പൂച്ചയോട് സഹതാപം തോന്നി വല കടിച്ചു മുറിച്ച് പൂച്ചയെ രക്ഷിക്കാനുറച്ച എലിയുടെ കഥ. എലിക്കുമുമ്പില്‍ എത്ര വിനീതനാവാനും പൂച്ച തയ്യാറാണ്. എന്നാല്‍ പൂച്ചയുടെ രക്ഷപ്പെടല്‍ എലിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന കാര്യം എലി മറന്നു പോവുന്നു.

മാര്‍ക്‌സിസവും മതവും കൈകോര്‍ത്തുനടക്കാന്‍ ഇപ്പോള്‍ സി.പി.എം നേതാക്കള്‍ ആഗ്രഹിക്കുന്നതും അതിനവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി മനസിലാക്കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മത വിശ്വാസികള്‍. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറ പദാര്‍ത്ഥാതീതമായ വസ്തുതകളെ നിഷേധിക്കുന്ന വൈരുദ്ധ്യാതിഷ്ഠിത ഭൗതിക വാദവും മതങ്ങളുടേത് ഇന്ദ്രിയ ഗോചരമല്ലാത്ത അനേകം വസ്തുക്കളില്‍ അടിയുറച്ചു വിശ്വസിക്കണമെന്നു ഊന്നി പറയുന്ന പ്രമാണങ്ങളുമാണ്. അടിസ്ഥാനപരമായി തന്നെ ഇവ തമ്മില്‍ ധാരാളം വൈജാത്യങ്ങള്‍ നിലനില്‍ക്കെ, ഒരു യഥാര്‍ഥ മതവിശ്വാസിക്ക് കമ്യൂണിസത്തോട് രാജിയാവാന്‍ എങ്ങനെയാണ് സാധ്യമാകുക?

കമ്യൂണിസം മതത്തിനെതിരാണെന്നു അതിന്റെ ആചാര്യന്മാര്‍ സംശയങ്ങള്‍ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും മതത്തെ കുറിച്ചുള്ള ലേഖനങ്ങള്‍ ‘മതത്തെ പറ്റി’ (on religion) എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസം ഭൗതികവാദപരമാണെന്നും അതുകൊണ്ടുതന്നെ മതത്തിനെതിരെ പോരാടണമെന്നും അതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത കൃതിയില്‍ ലെനിന്റെ വീക്ഷണങ്ങള്‍ നോക്കൂ. ഒന്ന്: ‘മാര്‍ക്‌സിസ്റ്റ്, നിയമ പ്രകാരം ഒരു നാസ്തികനാണ്.’ (പേജ് 8) രണ്ട്: ‘ഇല്ലായ്മയും ഒറ്റപ്പെടുത്തലും മൂലവും അവര്‍ക്കുവേണ്ടിയുള്ള തുടര്‍ച്ചയായ അധ്വാനം മൂലവും അമിതഭാരം പേറുന്ന, ലോകത്തെവിടെയുമുള്ള ജനങ്ങളില്‍ മതമെന്നത് ഒരാത്മീയ മര്‍ദ്ദന രൂപമാണ്.’ (ആത്മീയ മര്‍ദ്ദന രൂപമായതിനാലാണതിനെ ‘കറുപ്പ്’ (അവീന്‍) എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചത്). മൂന്ന്: ‘ഭരണകൂടത്തിന് മതം പരിഗണനാവിഷയമല്ല. മത സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരവുമായി ഒരു ബന്ധവും പാടില്ല.’ നാല്: ‘ഒരു പൗരന്റെ മത സംബന്ധമായ പരാമര്‍ഷം പോലും ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്, സംശയരഹിതമായും ഒഴിവാക്കേണ്ടതാണ്.’ അഞ്ച്: ‘അംഗീകൃത പള്ളികള്‍ക്ക് യാതൊരു സബ്‌സിഡിയും അനുവദിച്ചുകൂടാ.’ ആറ്: ‘മത പ്രസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും സ്റ്റേറ്റില്‍ നിന്നും സ്വതന്ത്രമായിരിക്കണം.’ ഏഴ്: ‘അധ്വാനിക്കുന്നവരോട് മതം ഇവിടെ കീഴ്‌വണക്കം ആവശ്യപ്പെടുന്നു; സമ്പന്നരോട് ദാനകര്‍മ്മം നടത്താനും നിര്‍ദ്ദേശിക്കുന്നു. ഇത് ചൂഷണത്തെ തരംതാണ രീതിയില്‍ ന്യായീകരിക്കലാണ്.’ എട്ട്: ‘മതം ജനങ്ങളെ സംബസിച്ച് കറുപ്പാണ്. മൂലധനത്തിന്റെ അടിമകള്‍ മനുഷ്യോചിതമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള അവരുടെ ആവശ്യത്തെയും സ്വന്തം മാനുഷിക പ്രതിരൂപത്തേയും മുക്കിത്താഴ്ത്തുന്ന അമിതമായ ആത്മീയ മദ്യലഹരിയാണ് മതം’.

മതം അവശജനതയെ ചൂഷണം ചെയ്യാനുള്ള സമ്പന്നന്റെ ആയുധമാണെന്നു ഏഴ്, എട്ട് വാക്യങ്ങള്‍ തുറന്നുകാട്ടുന്നു. എങ്കില്‍ മതം എതിര്‍ക്കപ്പെടാതിരിക്കുന്നത് എങ്ങനെയെന്നാണ് ഇതുവരെ മാര്‍ക്‌സിസ്റ്റുകള്‍ ചോദിച്ചിരുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരും വളച്ചുകെട്ടലുകളൊന്നുമില്ലാതെ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇ.എം.എസ് എഴുതി. ‘മാര്‍ക്‌സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്നു നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യ വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം.’ (ഇ.എം.എസ്; സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം: പേജ് 59)

വി.എസ് അച്യുതാനന്ദന്‍ എഴുതി. ‘ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാതിഷ്ഠിത ഭൗതികതയാണ്. ഈശ്വരന്‍ ഇല്ലാത്തത്‌കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വര വിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്റെ കണ്ടെത്തല്‍. അതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.’ (ചിന്ത വാരിക, 2004 ജൂണ്‍)
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതി. ‘മാര്‍ക്‌സിസം ഭൗതികവാദപരമായ തത്വചിന്തയാണ്. മതത്തെ സ്വകാര്യ കാര്യമായി ഭരണകൂടം പരിഗണിക്കണം. ഭരണകൂടവും മതവുമായി അതിര്‍വരമ്പുകള്‍ ഉണ്ടാകണം.’ (ജനുവരി 14, 2010. ദേശാഭിമാനി) കാരാട്ട് തുടരുന്നു: ‘മാര്‍ക്‌സിസ്റ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.’

കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്‌സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ‘മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോടു മതം ഉപദേശിക്കുന്നത് ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കാനാണ്. ചൂഷകന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിലനില്‍പിനെ ന്യായീകരിക്കാനുള്ള വില കുറഞ്ഞ ഒരു മാര്‍ഗമാണത്. സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വില കുറഞ്ഞ ഒരു ടിക്കറ്റ് ഇത്തരത്തില്‍ മതം അവര്‍ക്ക് സമ്മാനിക്കുന്നു.’ (മതത്തെ പറ്റി, 126, 127)

ഇത്രയും സ്പഷ്ടമായി ലെനിന്‍, ഇ.എം. എസ്, വി.എസ്, പ്രകാശ് കാരാട്ട് തുടങ്ങിയ ആചാര്യന്മാരൊക്കെ കമ്യൂണിസത്തിനു മതത്തോടുള്ള സമീപനം വിശദീകരിച്ചിട്ടുണ്ടെന്നിരിക്കെ ഞങ്ങള്‍ മതത്തിനെതിരല്ലെന്നും മതവിശ്വാസികള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളാകാമെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം മാര്‍ക്‌സിസ്റ്റ് സമീപനമല്ലയെന്നു വ്യക്തം. കേരളത്തില്‍ എത്രയോ കാലമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പഠന ക്ലാസിലും പാര്‍ട്ടി ബുദ്ധിജീവികളുടെ എഴുത്തിലും മതനിരാസം അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരം ഉറപ്പിക്കുന്നതിനും താല്‍ക്കാലിക നേട്ടത്തിനും മതവിശ്വാസികളെ ഉപയോഗിക്കാമെന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണതെന്നു വ്യക്തമാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികള്‍ സജീവമായിട്ടുണ്ട്. മത മാര്‍ക്‌സിസ്റ്റ് മൈത്രിയുടെ വക്താക്കള്‍ പലപ്പോഴും ചൂണ്ടികാണിക്കാറുള്ള ഒരു കാര്യം, ക്രിസ്തുമതത്തിനകത്തെ അവാന്തരവിഭാഗമായ പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകള്‍ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടുന്നവരാണെന്നും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു തത്വസംഹിതയാണ് മതമെങ്കിലും ചിലപ്പോഴൊക്കെ അത് അധികാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്ക് ഇന്ധനമായിത്തീരാറുമുണ്ട് എന്നാണ്. ഇത് തന്നെയാണ് മാര്‍ക്‌സിസത്തിന്റെ പ്രവര്‍ത്തനമേഖലയെന്നും അതുകൊണ്ട് മതവിശ്വാസിക്കും മാര്‍ക്‌സിസ്റ്റാവാം എന്നാണ് അവരുടെ വാദം. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്നു ലെനിന്‍ പറഞ്ഞിട്ടുണ്ടെന്ന കോടിയേരി വാദവും ഈയടിസ്ഥാനത്തിലാണ്.

എന്നാല്‍ മത വിശ്വാസിക്ക് അവന്റെ മതം പ്രിയപ്പെട്ടതായി തീരുന്നത് അത് സമര പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്നതിനോ അനീതിക്കെതിരെ പൊരുതുന്നതിനോ ആയുധമാകുന്നത് കൊണ്ടല്ല. മറിച്ച് ആ മതം അവന്റെ സ്രഷ്ടാവില്‍ നിന്നുള്ള വെളിപാടായത്‌കൊണ്ടും തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ പറ്റിയ പരാശക്തിയെ കുറിച്ച് അത് സംസാരിക്കുന്നത് കൊണ്ടും മരണാനന്തരമോക്ഷത്തെകുറിച്ച് സുവിശേഷമറിയിക്കുന്നത് കൊണ്ടുമാണ്. മതത്തിന്റെ ഈ അടിസ്ഥാന മൂല്യങ്ങള്‍ അംഗീകരിക്കാന്‍ വൈരുദ്ധ്യാത്മികവാദത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുമോ? മതവും ദൈവവുമൊക്കെ മനുഷ്യന്റെ സൃഷ്ടികളാണെന്നു പറയുന്ന കമ്യൂണിസത്തെ അംഗീകരിക്കാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമോ?

മുസ്‌ലിംകളിലേക്ക് പാര്‍ട്ടിക്കിറങ്ങി ചെല്ലാന്‍ വര്‍ഷങ്ങളായി സി.പി.എം തന്ത്രങ്ങളാവിഷ്‌ക്കരിച്ചുവരുന്നു. മദ്രസാ കമ്മിറ്റിയിലും പള്ളി ഭരണത്തിലും കമ്യൂണിസ്റ്റുകാര്‍ വന്നാല്‍ കുഴപ്പമില്ല എന്ന മനോഗതി മുസ്‌ലിംകളില്‍ വളര്‍ത്തിയെടുക്കുന്നിടത്തോളം കമ്യൂണിസ്റ്റ് ഇരച്ചുകയറല്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മിറ്റിയിലും സ്ഥാനം നല്‍കാം, സ്‌കൂളുകള്‍ നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയാണ് മുസ്‌ലിം നേതൃത്വത്തെ പാര്‍ട്ടി പ്രീണിപ്പിക്കുന്നത്. ഈ ഓഫറുകള്‍ ഒരേ സമയം പലര്‍ക്കും നല്‍കിയിട്ടുണ്ടാവും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാമെന്നു ഒരു കൂട്ടര്‍ക്കും വിടില്ലെന്ന് മറ്റുള്ളവര്‍ക്കും ഉറപ്പ് കൊടുത്ത അതിസമര്‍ത്ഥനായ മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. മുസ്‌ലിം സമുദായത്തിനകത്ത് പരമാവധി ഭിന്നിപ്പ് വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് സി.പി.എമ്മിനുള്ളത്. ആടുകളെ തമ്മിലടിപ്പിച്ചു അതില്‍നിന്ന് ഉറ്റിവീഴുന്ന ചോര കുടിക്കുന്ന കുറുക്കന്റെ അതേ തന്ത്രം.

ഇടതുപക്ഷ എം.എല്‍.എയും മുന്‍ മന്ത്രിയുമായ കെ.ടി ജലീലിനെ പാര്‍ട്ടി എഴുന്നള്ളിക്കുന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കകത്തെ പ്രശ്‌നങ്ങള്‍ അറിയുന്ന ജലീല്‍ ഓരോ വേദിക്കനുസരിച്ച് വേഷമിടുന്നുണ്ട്. അതിനേക്കാള്‍ അപകടമാണ് ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഇസ്‌ലാമിക ചരിത്രങ്ങളും പറഞ്ഞ് മാര്‍ക്‌സിസ്റ്റ് വേദികളില്‍ അദ്ദേഹം വാചാലനാവുന്നത്. മുമ്പ് ഈ ജോലി ഏറ്റെടുത്തിരുന്നത് ടി.കെ ഹംസയായിരുന്നു. അദ്ദേഹം വേദികളിലിപ്പോള്‍ സജീവമല്ലെങ്കിലും ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പണി ഇപ്പോഴും തുടരുന്നു.