ദമ്മാം: ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 – 2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റോയല്‍ മലബാര്‍ റെസ്റ്റാറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. പ്രസിഡന്റായി സാജിദ് ആറാട്ടുപുഴ (ഗള്‍ഫ് മാധ്യമം), ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (തേജസ്), ട്രഷറര്‍ മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍(മനോരമ), ജോയിന്റ് സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി(കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ വരണാധികാരിയായിരുന്നു. ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം) അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗം മുതിര്‍ന്ന അംഗം പി.ടി അലവി (ജീവന്‍ ടിവി) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത് (ചന്ദ്രിക ) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പ്രശംസനീയമായ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മീഡിയ ഫോറത്തിന് സാധിച്ചതായും കോവിഡ് കാലത്ത് നിര്‍ധനനായ പ്രവാസിക്ക് നാടണയാന്‍ വിമാന ടിക്കറ്റ് നല്‍കാനും സാധിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

ഹബീബ് ഏലംകുളം (മലയാളം ന്യൂസ്), നൗഷാദ് ഇരിക്കൂര്‍ (മീഡിയവണ്‍), സുബൈര്‍ ഉദിനൂര്‍ (24 ന്യൂസ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ് റഫീഖ് ചെമ്പോത്തറയെ (സിറാജ്) ചുമതലപ്പെടുത്തി. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ നയപ്രഖ്യാപനം നടത്തി. അഷ്റഫ്ആളത്ത് സ്വാഗതവും സിറാജുദീന്‍ നന്ദിയും പറഞ്ഞു.