ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ബ്ലോക് ചെയ്യുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും കൈയടക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ബന്ദ് ദിനമായ ഡിസംബര്‍ എട്ടിന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു. ‘കൂടുതല്‍ ആളുകള്‍ ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമാകും’ – വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക പ്രതിനിധികളില്‍ ഒരാളായ ഹരീന്ദര്‍ സിങ് ലഖോവാല്‍ പറഞ്ഞു.

ഈയിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷവും സര്‍ക്കാര്‍ അതിനു സന്നദ്ധമായിട്ടില്ല.

കര്‍ഷകരുമായി ഇതുവരെ നാലു വട്ടമാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. നാല്‍പ്പത് കര്‍ഷക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച വീണ്ടും ചര്‍ച്ചകള്‍ തുടരും എന്നാണ് ഒരു കാബിനറ്റ് മന്ത്രിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കര്‍ഷക സമരത്തിനാണ് ഇപ്പോള്‍ ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. മാസങ്ങളോളം സമരമിരിക്കാനുള്ള ഭക്ഷണ സാമഗ്രികളുമായാണ് കര്‍ഷകര്‍ എത്തിയിട്ടുള്ളത്.