എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം. കൂട്ടമരണത്തിന് കാരണം രോഗബാധയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15 മാനുകളാണ് ഹില്‍പാലസില്‍ ചത്തത്.

രോഗബാധയാണോയെന്ന് വ്യക്തമാകണമെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മഴ തുടങ്ങിയതോടെയാണ് ഹില്‍പാലസിലെ മാനുകളുടെ കൂട്ടമരണം തുടങ്ങിയത്. പരസ്പരം വഴക്കടിച്ചും കുത്തിയും മാനുകള്‍ ചാവുന്നത് പതിവാണെങ്കിലും രോഗ ലക്ഷണത്തോടെ എട്ടോളം മാനുകള്‍ ചത്തതാണ് സംശയത്തിന് ഇടയാക്കിയത്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം, കുളമ്പ് രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് മാന്‍പാര്‍ക്ക് അധികൃതര്‍.