ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനെത്തിയ 55കാരന്‍ കാര്‍ കത്തി വെന്തുമരിച്ചു. പഞ്ചാബുകാരനായ ജനക് രാജ് എന്നയാളാണ് മരണപ്പെട്ടത്. ഇയാള്‍ ഉറങ്ങിക്കിടന്ന കാര്‍ കത്തിയമര്‍ന്നാണ് മരണം. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലാണ് സംഭവം.

ട്രാക്ടര്‍ നന്നാക്കുന്ന തൊഴിലാളിയാണ് ജനക്. ഡല്‍ഹിയിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ട്രാക്ടറുകള്‍ നന്നാക്കാന്‍ സ്വമേഥയാ എത്തിയ ആളായിരുന്നു ജനക്. രാത്രി വൈകി ജോലി പൂര്‍ത്തിയാക്കിയ ഇയാള്‍ കാറില്‍ കിടന്ന് ഉറങ്ങി. ഉറക്കത്തിനിടെ തീപിടിച്ച് ഇയാള്‍ മരിക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സിംഗു അതിര്‍ത്തിയില്‍ നിന്ന് മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹി വളയല്‍ പ്രഖ്യാപനം നടത്തിയത്. കൂടാതെ ബുറാഡി നിരങ്കരി മൈതാനത്തും ഒരു വിഭാഗം കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹി ജന്തര്‍ മന്തര്‍, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.