ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി. ജാഫറാബാദില്‍ വ്യാപാരിയായ റയീസ് അന്‍സാരിയെ രണ്ട് പേര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ബുധനാഴ്ച്ചയാണ് വടക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ താമസിക്കുന്ന റയീസ് അന്‍സാരിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.

വീടിനടുത്തുള്ള അന്‍സാരിയുടെ കടയക്ക് മുന്നിലാണ് സംഭവം. അറ്റകുറ്റ പണികള്‍ നടത്താനെന്ന വ്യാജേന അക്രമികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കടക്ക് സമീപം നിര്‍ത്തി. അന്‍സാരിയോട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസാരത്തിനിടെ വെടിവയ്ക്കുകയായിരുന്നു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അന്‍സാരിക്ക് പുറകെ അക്രമികള്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

വെടിയേറ്റ അന്‍സാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ജാഫറാബാദ് പൊലീസ് അന്വേഷണം തുടങ്ങി.