തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി ഉയർത്തി.
ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയും തീവ്രവാദവിരുദ്ധ സ്ക്വാഡും ഐ.ജി പുട്ട വിമലാദിത്യയുടെ ചുമതലയിലാകും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജി സ്ഥാനത്ത് അജിത ബീഗത്തെ നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിന്റെയും സോഷ്യൽ പൊലീസിങ് ഡയറക്ടറുടെയും അധിക ചുമതലയും അജിത ബീഗത്തിനാണ്. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ തോമ്സൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയ്ക്ക് തൃശൂർ റേഞ്ചിന്റെയും ഹിമേന്ദ്രനാഥിന് തിരുവനന്തപുരം റേഞ്ചിന്റെയും ചുമതല നൽകി.
ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും നിയമിച്ചു. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡറായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.