തിരുവനന്തപുരം: ന്യൂനമര്‍ദ്ദം കേരളതീരത്തോട് അടുത്തതോടെ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയ്യാറാക്കി വെക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ തുറമുഖങ്ങളിലും ഹാര്‍ബറുകളിലും സിഗ്നല്‍ നമ്പര്‍ 3 ഉയര്‍ത്തും. കെ.എസ്.ഇ.ബിയുടെ കാര്യാലയങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.