കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് തടയാന്‍ നടന്‍ ദിലീപ് നിയമോപദേശം തേടിയെന്നവാര്‍ത്തയോട് പ്രതികരിച്ച് ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ദിലീപ് പ്രതികരണവുമായെത്തിയത്. കേസില്‍ അറസ്റ്റ് ഉണ്ടാവുമെന്നും ഇത് മുന്നില്‍ കണ്ട് ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത തേടിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നായിരുന്നു വിവരം. ഈ പശ്ചാത്തലത്തിലാണ് ദിലീപ് മനോരമാ ന്യൂസ് ചാനലില്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

13 മണിക്കൂര്‍ ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ 143 പേജുള്ള മൊഴിയും നാദിര്‍ഷയുടെ 140 പേജുള്ള മൊഴിയും പരിശോധിച്ചതിന് ശേഷമാണ് പോലീസ് ചോദ്യാവലി തയ്യാറാക്കുന്നത്.