കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ വി.ഐ.പി പരിഗണന. ദിലീപിന് സഹായിയായി തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍ കയറിയശേഷം, ജയില്‍ ജീവനക്കാര്‍ക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നല്‍കി. ഇതുള്‍പ്പെടെ ജയിലില്‍ ദിലീപിനു നല്‍കിയിരിക്കുന്ന വി.ഐ.പി പരിഗണനയെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി.

ദിലീപിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്നാണ് പറയുന്നത്. ജയിലില്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചതിനുശേഷമാണ് ദിലീപ് കഴിക്കുന്നത്. അടുക്കളയിലെത്തി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ദിലീപിന് നല്‍കുന്നത്. കുളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാവരുടേയും കുളി കഴിഞ്ഞതിന് ശേഷം കുളിക്കാന്‍ പ്രത്യേകം സൗകര്യം ചെയ്തുകൊടുത്തിരിക്കുകയാണ്. സാധാരണ രീതിയില്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്കാണ് സഹായി ഉണ്ടാവുന്നത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ എന്നിവയാണ് സഹായിയുടെ പണി. ദിലീപിന്റെ ഇത്തരം കാര്യങ്ങളെല്ലാം സഹായിയാണ് ചെയ്യുന്നത്. ഹൈക്കോടതി ജാമ്യം തള്ളിയതിനുശേഷമാണ് ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചത്.