നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസിന് മൊഴി നല്‍കാനെത്തി. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരും എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടി ആക്രമിക്കപ്പെട്ട കേസിലാണോ എന്നോ അതോ പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണു പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണോ എന്ന് വ്യക്തമല്ല. തന്റെ പരാതിയിലാണ് മൊഴി എടുക്കുന്നതെന്നാണ് ദിലീപ് പറയുന്നത്.

ആലുവ പോലീസ് ക്ലബ്ബില്‍ നാദിര്‍ഷയാണ് ആദ്യമെത്തിയത്. പിന്നീട് ദിലീപിനെ കാത്തുനിന്ന നാദിര്‍ഷാ ദിലീപെത്തിയതിന് ശേഷമാണ് മൊഴി നല്‍കാന്‍ കടന്നത്. ബി.സന്ധ്യയാണ് മൊഴിയെടുക്കുന്നത്. കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നാണ് സൂചന. മാധ്യമവിചാരണക്ക് നിന്നുതരില്ലെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ മൊഴി നല്‍കിയതിനുശേഷം പ്രതികരിക്കാമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21ന് നല്‍കിയ ദിലീപിന്റെ പരാതിയില്‍ പോലീസ് ഇതുവരേയും കേസെടുത്തിട്ടില്ല. എന്നാല്‍ മൊഴിയെടുത്തതിന് ശേഷം പരാതിയില്‍ കേസെടുക്കുന്നതിനാണ് സാധ്യത. ഇരുവരേയും ഒരുമിച്ചാണോ മൊഴിയെടുക്കുന്നതെന്ന് വ്യക്തമല്ല.