നടി സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ. മോഹന്‍രാജയുടെ പുതിയ ചിത്രമായ വേലൈക്കാരനില്‍ സ്‌നേഹക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് താരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

ശിവകാര്‍ത്തികേയന്‍-ഫഹദ് ചിത്രത്തിലാണ് സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്തത്. ഏഴുകിലോ ഭാരം കുറച്ച് 18 ദിവസം ഷൂട്ട് ചെയ്തതായിരുന്നു ചിത്രം റിലീസിനെത്തിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ വെറും അഞ്ചുമിനിറ്റ് രംഗങ്ങള്‍ മാത്രമേ സ്‌നേഹക്ക് ഉണ്ടായിരുന്നുള്ളൂ. ഇതില്‍ നിരാശയുണ്ടെന്ന് സ്‌നേഹ തുറന്നുപറഞ്ഞിരുന്നു.
വളരെ കഷ്ടപ്പെട്ടാണ് കഥാപാത്രം ചെയ്തതെന്നും എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നെന്നും സ്‌നേഹ പറഞ്ഞു.

സ്‌നേഹയുടെ ഈ പ്രതികരണത്തോടാണ് ഇപ്പോള്‍ മോഹന്‍രാജയുടെ മറുപടി വന്നിരിക്കുന്നത്. സ്‌നേഹയുടെ മാത്രമല്ല മറ്റു അംഗങ്ങളുടേയും ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്തത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്ന് കട്ട് ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ്. സ്‌നേഹയുടെ കഥാപാത്രം കുറച്ച് സമയം മാത്രമാണ് ഉള്ളതെങ്കിലും ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മോഹന്‍രാജ കൂട്ടിച്ചേര്‍ത്തു.