X

‘നിപ്പ ചിക്കനിലൂടെ പടരുമെന്ന്’;ഡി.എം.ഒയുടെ ആ സന്ദേശത്തിന്റെ വസ്തുത ഇതാണ്

കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. വൈറസ് ചിക്കനിലൂടെ പടരുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് വാട്‌സ്ആപ്പിലൂടെയും മറ്റും സന്ദേശം പ്രചരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്. കോഴികളിലൂടെ നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കുറിപ്പാണ് കോഴിക്കോട് ഡി.എം.ഒയുടേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഡി.എം.ഒ അത്തരത്തിലൊരു സന്ദേശം പുറത്തുവിട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഡി.എം.ഒയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം:

‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നുവെന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു’

ഇന്നലെ മുതലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

chandrika: