ഡോക്ടറുടെ അവഗണന ഗര്‍ഭിണിയായ യുവതിക്ക് റോഡില്‍ പ്രസവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ യുവതി റോഡില്‍ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയോട് സമയമായില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കി അയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയ്ക്ക് അര്‍ദ്ധരാത്രി പതിനൊന്ന് മണിയ്ക്ക് റോഡില്‍ കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ അശോക ഭായ്ക്കാണ് ഈ ദാരുണാനുഭവം. ഡോക്ടര്‍മാര്‍ യഥാസമയം ചികിത്സ നല്‍കാന്‍ തയ്യാറാകാത്തതിനെ തുര്‍ന്നാണ് അശോക ഭായ്ക്ക് ആശുപത്രിക്ക് പുറത്തെ റോഡില്‍ പ്രസവിക്കേണ്ടി വന്നത്

അഞ്ചാമത്തെ പ്രസവത്തിനായി ജയ്പുര്‍ സംഗാനെര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ അശോക ഭായിയെ പ്രവേശിപ്പിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ബുദ്ധിമുട്ടുകളേയും തുടര്‍ന്ന് ഇവിടെ നിന്ന് ഡോക്ടര്‍മാര്‍ ജയ്പുരിലെ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മള്‍ട്ടി സപെഷ്യാലിറ്റി ആശുപത്രിയിലെ ലേബര്‍ റൂമിലെത്തിയപ്പോള്‍ തന്നെ ഡോക്ടര്‍മാരും ജീവനക്കാരും അവഗണിക്കുകയായിരുന്നുവെന്ന് അശോക ഭായ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് രാജസ്ഥാനിലെ വനിതാ കമ്മീഷണര്‍ സുമന്‍ ശര്‍മ്മ പറഞ്ഞു. കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു.