ടെല്‍അവീവ്: ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ അറബ് നേതാക്കള്‍ക്കും ഇസ്രാഈലിനും ഒരുപോലെ ആശങ്കയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കരുതെന്നും ഇസ്രാഈല്‍ പ്രസിഡന്റ് റൂവെന്‍ റിവ്‌ലിനുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ക്കും മിലീഷ്യകള്‍ക്കും ഇറാന്‍ പണവും പരിശീലനവും ആയുധവും നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാനത്തിന് ശാശ്വത കരാറാണ് ആവശ്യമെന്ന് ട്രംപ് അഭിപ്രായപ്പെട്ടെങ്കിലും വിശദാംശങ്ങളിലേക്ക് കടക്കാന്‍ തയാറായില്ല. ഇസ്രാഈലിലെയും ഫലസ്തീനിലെയും കുട്ടികള്‍ക്ക് സുരക്ഷിതരായി വളരാന്‍ അര്‍ഹതയുണ്ട്. അനേകം ജീവനുകളെ നശിപ്പിച്ച അക്രമങ്ങളില്‍നിന്ന് മുക്തമായി കാണാനും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ദീര്‍ഘകാല സഖ്യകക്ഷിയും സുഹൃത്തും പങ്കാളിയുമാണ് ഇസ്രാഈല്‍. ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും ചെയ്യും-ട്രംപ് പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയില്‍നിന്ന് വ്യത്യസ്തമായി നല്ലൊരു സുഹൃത്തിനെയാണ് ഇസ്രാഈല്‍ ട്രംപില്‍ കാണുന്നത്.