കെ. മൊയ്തീന്‍കോയ

അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്‍ഡ് ട്രംപ് തന്നെ വരണം എന്ന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചുവന്നത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രകീര്‍ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ വാക്കുകള്‍ പുറത്തുവന്നത്. ഇരുവരും വാനോളം പരസ്പരം പുകഴ്ത്താനും മറന്നില്ല. എന്നാല്‍ മോദിയുടെ പ്രശംസ അറംപറ്റിയോ എന്ന് സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉക്രൈന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്തുവന്നതാണ് ട്രംപിനെ കുടുക്കിയത്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ മുന്‍ വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചുകാണുന്നത്. ബൈഡനും മകനും ഉക്രൈനില്‍ ഒരു പ്രകൃതിവാതക കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയിരുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാണ് ഉക്രൈന്‍ പ്രസിഡണ്ടിനോട് വ്യക്തിപരമായി സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഉക്രൈന്‍ പ്രസിഡണ്ട് റമിസെല ഇക്കാര്യത്തില്‍ വാഗ്ദാനമൊന്നും അമേരിക്കന്‍ പ്രസിഡണ്ടിന് നല്‍കിയിട്ടില്ല. ഇത്തരമൊരു അഭ്യര്‍ത്ഥനതന്നെ അമേരിക്കന്‍ ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ കൂടിയായ നാന്‍സി പെലോസി കുറ്റപ്പെടുത്തി.

അമേരിക്കയില്‍ മാത്രമല്ല ഉക്രൈനിലും ടെലഫോണ്‍ അഭ്യര്‍ത്ഥന വിവാദമായി കഴിഞ്ഞു. സംഭാഷണത്തിന്റെ വിവരങ്ങള്‍ വിവിധ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്ന വൈറ്റ്ഹൗസ് അവകാശവാദം ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തി എന്ന കാര്യം ഇതുവഴി തുറന്നു സമ്മതിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റിലേക്കുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് രാജി സമര്‍പ്പിച്ചു കഴിഞ്ഞു അടുത്ത ദിവസം തന്നെ അന്വേഷണ സമിതി മുമ്പാകെ ഹാജരാകാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈന്‍ പ്രസിഡണ്ട് റമിസെലയോട് നടത്തിയ ആശയവിനിമയത്തിന്റെ പൂര്‍ണ്ണ രേഖകള്‍ സമിതി മുമ്പാകെ ഹാജരാക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവിനോട് അന്വേഷണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് റൊണാള്‍ഡ് ട്രംപ് നടത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയാണ്. വിദേശ രാജ്യങ്ങളോട് ട്രംപ് ഈ നിലയില്‍ സഹായം തേടുന്നത് ഇതാദ്യമായല്ല. അമേരിക്കന്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ ഇസ്രാഈല്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞതും പ്രസിഡണ്ട് തന്നെയാണ് ആണ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി അംഗങ്ങളായ രണ്ട് മുസ്‌ലിം വനിതാഅംഗങ്ങളുടെ സന്ദര്‍ശനമാണ് തടഞ്ഞത്. സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍, ഫലസ്തീന്‍ വംശജയായ റാഷിദ് തലയില്‍ എന്നിവര്‍ക്കാണ് ഈ ദുരനുഭവം.

സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇസ്രാഈലി പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് ടെലഫോണില്‍ വിളിച്ചാണ്് സന്ദര്‍ശനം തടഞ്ഞത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണ്. ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള കോമാളിവേഷമായി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇതുവഴി ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുകയാണ്. ഇല്‍ഹാന്‍ ഒമറിനെ വംശീയമായി അധിക്ഷേപിച്ചതും ആരും മറന്നിട്ടില്ല. 30 വര്‍ഷം മുമ്പ് സോമാലിയയില്‍നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ ഇവര്‍ സൊമാലിയയിലേക്ക് തിരിച്ചു പോകണമെന്നാണ് പ്രസിഡണ്ട് ആവശ്യപ്പെട്ടത്. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

ഹൂസ്റ്റണിലെ ചടങ്ങിനിടയില്‍ പ്രശംസകള്‍ വായിക്കുമ്പോള്‍ ഇരു രാഷ്ട്രീയ നേതാക്കന്മാരും രാഷ്ട്രീയ മര്യാദയും സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങളും വിസ്മരിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്. നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യന്‍ രാഷ്ട്രപതി എന്ന് വിശേഷിപ്പിച്ചത് സംഘ്പരിവാര്‍ അജണ്ടക്ക് ശക്തിപകരുന്നതാണ്. രാഷ്ട്രപതി മഹാത്മാഗാന്ധിയെ വിസ്മരിക്കാനും വിസ്മൃതിയില്‍ തള്ളാനും സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ടിന്റെ മോഡി പ്രശംസ ആക്കംകൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. ട്രംപ് സര്‍ക്കാര്‍ തന്നെ അമേരിക്കയില്‍ ഇനിയും അധികാരത്തില്‍ വരണം എന്ന മോദിയുടെ പ്രകീര്‍ത്തനം പ്രതിപക്ഷ ഡെമോക്രാറ്റിക് സ്വാധീനമുള്ള ഹൂസ്റ്റണിലും തൊട്ടടുത്ത പ്രവിശ്യകളിലും ഇന്ത്യന്‍ വംശജരില്‍ വളരെയേറെ സ്വാധീനം ചെലുത്തും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തുല്യമായി ഈ നീക്കത്തെ കാണുന്നതില്‍ തെറ്റില്ല. രാഷ്ട്രാന്തരീയ മര്യാദയുടെ ലംഘനമായി ഡെമോക്രാറ്റിക് പാര്‍ട്ടി ഈ നീക്കത്തെ കുറ്റപ്പെടുത്തി കഴിഞ്ഞു. ട്രംപിന് അനുകൂലമായി ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമായി പ്രതിപക്ഷം ഇതിനെ കാണുന്നു.

ഇസ്രാഈലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു ഈ തന്ത്രം നോക്കിയതാണ്. പ്രചാരണ ബോര്‍ഡുകളില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ വികലമായ നിലപാടുകള്‍ ലോക സമൂഹത്തിനുമുമ്പില്‍ അമേരിക്കയെ ഒറ്റപ്പെടുകയാണ്. പാരീസ് കാലാവസ്ഥാ ഉച്ചകോടി, ഇറാന്‍ ആണവ കരാര്‍, റഷ്യന്‍ കരാര്‍ എന്നിവയില്‍നിന്നൊക്കെ ഏകപക്ഷീയമായി പിന്മാറി. സ്വന്തം രാജ്യത്ത് രണ്ടരക്കോടി വരുന്ന സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ആരോഗ്യ സുരക്ഷാപദ്ധതി തന്റെ മുന്‍ഗാമിയായ ബരാക് ഒബാമ കൊണ്ടുവന്നതുകൊണ്ട് മാത്രം പിന്‍വലിച്ചു. ലോക സംഘര്‍ഷങ്ങളില്‍ അമേരിക്ക ഇപ്പോള്‍ സ്വീകരിക്കുന്നത് സമാധാനത്തിന് ന്റെ പാതയല്ല. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത് അറബ് ലോകത്തെ പിണക്കി. ഇറാനുമായി ഏറ്റുമുട്ടാന്‍ അറബ് രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍തന്നെ അവരുമായി ചര്‍ച്ചക്ക് അണിയറ നീക്കവും അമേരിക്ക നടത്തുന്നു.

തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും അത് എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നുമാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ ചോദ്യം. മുന്‍ഗാമി ബറാക് ഒബാമക്ക് എന്തുകൊണ്ടാണ് നോബല്‍ സമ്മാനം നല്‍കിയത് എന്നും അദ്ദേഹം ചോദിക്കുന്നു. സിറിയയിലെ യസീദി വംശജയായ ആക്ടിവിസ്റ്റ് നാദിയ മുറാദിനെ അധിക്ഷേപിച്ചത് ലോക വാര്‍ത്തയായതാണ്. നോബല്‍ സമ്മാന ജേതാവായ ഹായ് നാദിയ വൈറ്റ്ഹൗസില്‍ പ്രസിഡണ്ടിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു ദുരനുഭവമുണ്ടായത്. ലോക സംഘര്‍ഷങ്ങളും രാജ്യങ്ങളെ തമ്മിലടിപ്പിക്കാനും അമേരിക്കയുടെ വികാരപരമായ സമീപനം മറ്റു രാജ്യങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കാനും അദ്ദേഹത്തിന്റെ ഭരണകൂടം നടത്തുന്ന നീക്കം പലപ്പോഴും ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിക്കുന്നു. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ അമേരിക്കന്‍ ജനത അടുത്ത വര്‍ഷം നീങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കാനാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നീക്കം. സ്വന്തം പാര്‍ട്ടിയില്‍തന്നെ നിരവധി പേര്‍ റൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പല നിലപാടുകളോടും വിയോജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംപീച്ച് മെന്റ് വിജയിച്ചാലും ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമാകുമെന്ന നിരവധി ഘടകങ്ങള്‍ ഒത്തുവന്നിട്ടുണ്ട്.