മുംബൈ: ബിജെപിക്കെതിരെ വീണ്ടും ശിവസേന. തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ടതില്ലെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ മുന്നറിയിപ്പു നല്‍കി. ‘നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല’-ഉദ്ധവ് താക്കറെ പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവന. മുംബൈയില്‍ ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശവിരുദ്ധരുമാണെന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെ കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് കാണാം’-ഉദ്ധവ് താക്കറെ പറഞ്ഞു.