ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക മേഖലയില്‍ യുവാവിനെ തൊട്ടടുത്തുനിന്ന് വെടിവച്ചു കൊന്നതിനുശേഷം അയാള്‍ മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്.

കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ചു വീഴ്ത്തുന്നതാണു ദൃശ്യത്തിലുള്ളത്. തലയ്ക്കു വെടിയേറ്റയാള്‍ നിലത്തു കുഴഞ്ഞുവീണു. നടന്നു പോയ അക്രമി തിരികെ വന്ന് മരിച്ചെന്ന് ഉറപ്പുവരുത്താനായി രണ്ടാമതും നിറയൊഴിച്ചു.

പിന്നീട് മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് മരിച്ചുകിടക്കുന്നയാളിന്റെ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അയാള്‍ അവിടെനിന്നു രക്ഷപ്പെട്ടു. വികാസ്് മേത്ത എന്ന മുപ്പത്തിയഞ്ചുകാരനാണു കൊല്ലപ്പെട്ടതെന്നാണു സൂചന. ദൃക്‌സാക്ഷി മൊഴികളുടെയും വിഡിയോയുടെയും സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.