തിരുവനന്തപുരം: ഇസ്ലാമിനെയും മുസ്ലിംഗളേയും അപമാനിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ‘കിത്താബ്’ നാടകം പ്രചരിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കിത്താബിനെതിരായി നിലപാടെടുത്തവര്‍ മതമൗലികവാദ സംഘടനകളാണെന്നും ഇത്തരക്കാര്‍ സംഘപരിവാറിന് ഊര്‍ജ്ജം പകരുകയാണെന്നും റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കിത്താബി”നൊപ്പം,
ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം,:ഡിവൈഎഫ്ഐ

“കിതാബ് “നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല.മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്.അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ് .
ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.