‘എനിക്കൊന്ന് കൂടി മുനവ്വര്‍ മോനെ മുത്തം വെക്കണം’ കൊപ്പനക്കല്‍ തറവാടിന്റെ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങി, അല്‍പം മുന്നോട്ട് പോയ അഹ്മദ് സാഹിബ് വീണ്ടും തന്റെ ശാരീരിക അവശതകളൊന്നും വകവെക്കാതെ ഏറെ പ്രയാസപ്പെട്ട് പിന്നോട്ട് തന്നെ നടന്ന് അവസാനമായി വല്‍സല്യ നിധിയായ ഒരു പിതാവിനെ പോലെ ഒന്ന് മുത്തം വെച്ചു., അതും മതിയായില്ല എന്ന് തോന്നിയ അദ്ദേഹം ഒന്നുകൂടി ചുംബിക്കണമെന്ന് പറഞ്ഞ് വീണ്ടും മുത്തം വെച്ച് കൊടപ്പനക്കല്‍ മുറ്റത്ത് നിന്ന് യാത്ര പറഞ്ഞ് തിരിച്ചപ്പോള്‍ അഹ്മദ് സാഹിബിന്റെ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചില്ല.

എനിക്ക് കുറച്ച് സമയം കൂടി ഇവിടെ ഇരിക്കണം എന്ന് പറഞ്ഞ അഹ്മദ് സാഹിബ് ബിരിയാണിയും ഊണുമെല്ലാം വയറു നിറയെ കഴിച്ച് ,താന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന എളാപ്പ ഹൈദരലി തങ്ങള്‍ മുതല്‍ കുടുംബത്തിലെ ഇളം തലമുറകളെ വരെ മനം കുളിര്‍ക്കെ നോക്കി കണ്ട് സൗഹൃദ സംഭാഷണങ്ങള്‍ നടത്തി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്.
ഭാരതത്തിന്റെ ധീരപുത്രനായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ലോകം മുഴുവന്‍ മുഴങ്ങിക്കേണ്ട ആ ധീര ശബ്ദം ഇനി പാര്‍ലമെന്റില്‍ മുഴങ്ങില്ല … പക്ഷെ ന്യുനപക്ഷ രക്ഷക്കായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞ് വെച്ച പ്രിയനേതാവ് ജനഹൃദയങ്ങളില്‍ ഉജ്വല താരകമായി ജ്വലിച്ചു നില്‍ക്കും.
അന്ത്യ ശ്വാസം വരെ ഇന്ത്യന്‍ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങളില്‍ അന്തസ്സോടെ നെടു നായകത്വം വഹിച്ച പകരക്കാരനില്ലാത്ത ലോക നേതാവായിരുന്നു അദ്ദേഹം. ജീവിതാഭിലാഷമെന്നോണം താന്‍ അവകാശ പോരാട്ടങ്ങള്‍ നടത്തിയ തന്റെ കര്‍മ്മ മണ്ഡലമായ പാര്‍ലമെന്റിന്റെ ശ്രീകോവിലില്‍ തന്നെ തന്റെ ഉജ്വലമായ ജീവിതാധ്യായം അവസാനിപ്പിച്ചു !
കഴിഞ്ഞ ഡിസംബര്‍ 26 ന് അവസാനമായി അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് യൂത്ത് ലീഗ് ഭാരവാഹികളായ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് കൊണ്ടാണ്. ആ കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെയും പരിലാളനയുടെയും ഇഴയടുപ്പമാണ് ഇതെല്ലാം വിളിച്ചോതുന്നത്.

അഭിവന്ദ്യ നേതാവേ വിട….

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്ന ഇ അഹമ്മദ് സാഹിബ് ഇനി അമര നാമമായി ജനമനസ്സുകളില്‍ മുഴങ്ങും..
ഖബര്‍ ജീവിതം ധന്യമാക്കി സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ നാഥാ…