Connect with us

More

സുല്‍ത്താന്‍

Published

on

എം.സി വടകര
കത്തിജ്ജ്വലിക്കുന്ന യുവത്വവും ഒളി മങ്ങാത്ത പ്രതിഭയും ഒത്തു ചേര്‍ന്നപ്പോഴാണ് ഇ അഹമ്മദ് എന്ന നേതാവ് പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ എത്തുന്നത്. അനുപമമായ കര്‍മ്മ ശേഷിയും കഠിനാധ്വാനവും അദ്ദേഹത്തെ ഉന്നത പദവികള്‍ വഹിക്കുന്നതിന് അനുയോജ്യനാക്കി മാറ്റി. കേരള രാഷ്ട്രീയത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയതിന് ശേഷം ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമായി അദ്ദേഹം മാറി. സംസ്ഥാന മന്ത്രിയെന്ന നിലയിലും കേന്ദ്ര മന്ത്രിയെന്ന നിലയിലും ഇ അഹമ്മദിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവുകളായി അദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ പ്രതിഭയുടെ അനുഗ്രഹം വരദാനമായി ലഭിച്ച കുട്ടിയായിരുന്നു അഹമ്മദ്. കണ്ണൂര്‍ സിറ്റിയിലെ ദീനുല്‍ ഇസ്‌ലാം സഭാ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മികച്ച വിദ്യാര്‍ത്ഥിയെന്നതിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അഹമ്മദ് മിടുക്കു കാട്ടിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പഠനം ഇ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്തു. ബ്രണ്ണന്‍ ബ്ലൂസ് എന്ന പേരില്‍ ഇ അഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ സംഘടന കോളജിന്റെ അവിഭാജ്യ ഘടകമായി മാറി. കോളജ് തെരഞ്ഞെടുപ്പില്‍ ബ്രണ്ണന്‍ ബ്ലൂസ് വിജയം നേടിയതോടെ ഇ അഹമ്മദും ശ്രദ്ധാ കേന്ദ്രമായി. പഠിക്കുന്ന കാലത്തു തന്നെ കോളജിന്റെ വികസനത്തിന് ഇ അഹമ്മദ് മുന്നിട്ടിറങ്ങിയിരുന്നു. ബ്രണ്ണന്‍ കോളജില്‍ ഉര്‍ദു ഡിപാര്‍ട്ട്‌മെന്റ് തുടങ്ങുന്നതിനും അതിന്റെ വികസനത്തിനും ഇ അഹമ്മദിന്റെ പങ്ക് നിസ്തുലമാണ്.

കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പ്രഭാഷണത്തിലും എഴുത്തിലും ഇ അഹമ്മദ് മികവ് കാണിച്ചു. ഇഖ്ബാല്‍ കവിതകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങള്‍ ഏറെ പ്രശംസ നേടി. ചന്ദ്രിക പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടെ ഇ അഹമ്മദിന്റെ ലേഖനങ്ങളും അക്കാലത്ത് വന്നു തുടങ്ങി. ബ്രണ്ണന്‍ കോളജിലെ പഠനത്തിന് ശേഷം നിയമ പഠനത്തിനായി ഏറണാകുളം ലോ കോളജില്‍ ഇ അഹമ്മദ് ചേര്‍ന്നു. ഇതിന് ശേഷം തിരുവനന്തപുരം ലോ കോളജിലേക്ക് മാറിയ അഹമ്മദ് അനന്തപുരിയിലേക്ക് ജീവിതം പറിച്ചു നട്ടു. സീതി സാഹിബ് ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ബന്ധം അഹമ്മദ് കൂടുതല്‍ ഊഷ്മളമാക്കുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. തിരുവനന്തപുരത്തെ സ്പീക്കേഴ്‌സ് ബംഗ്ലാവില്‍ വെച്ച് സീതി സാഹിബ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ അഹമ്മദ് അവിടേക്ക് ഓടിയെത്തിയത് പരീക്ഷാ ഹാളില്‍ നിന്നാണ്. വിവരമറിഞ്ഞ ആഘാതത്തില്‍ കയ്യിലുള്ള പുസ്തകം വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹം സീതി സാഹിബിന്റെ ബംഗ്ലാവിലേക്ക് ഓടിച്ചെന്നത്.

കണ്ണൂര്‍ സിറ്റി എം.എസ്.എഫിന്റെ ഭാരവാഹിയായാണ് ഇ അഹമ്മദ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. പിന്നീട് പടിപടിയായി ഉയര്‍ന്ന് 1952 ആയപ്പോഴേക്കും മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ ജോയന്റ് സെക്രട്ടറി പദവിയിലെത്തി. വടകരയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് പി.എം അബൂബക്കര്‍ പ്രസിഡണ്ടും കെ ഹംസത്ത് ജനറല്‍ സെക്രട്ടറിയുമായി കമ്മിറ്റി നിലവില്‍ വന്നത്. മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വേരുകളുള്ള പൊന്നാനി, പരപ്പനങ്ങാടി, വടകര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പാഞ്ഞെത്തി ഇ അഹമ്മദ് സംഘടനാ പ്രവര്‍ത്തനം നടത്തുകയുണ്ടായി.

1958 ഏപ്രില്‍ 26,27 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്ന മുസ്‌ലിംലീഗ് സമ്മേളനം മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. സമ്മേളനത്തിന്റെ ഒരു സെഷന്‍ എം.എസ്.എഫ് സെഷനാക്കി മാറ്റുന്നത് വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ പേരെടുത്ത ഇ അഹമ്മദിന്റെ ശ്രമ ഫലമായാണ്. സമ്മേളനത്തിന് ശേഷം ഇ അഹമ്മദ് സംസ്ഥാന എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു, കെ.എം കുഞ്ഞിമായന്‍ ആയിരുന്നു പ്രസിഡണ്ട്. കെ അബു ട്രഷററും.
നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇ അഹമ്മദിന്റേത്. കണ്ണൂര്‍ നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ എന്ന പ്രത്യേകതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഈ സമയത്ത് തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവാകാനുള്ള മികവ് ഇ അഹമ്മദ് പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പ്രഭാഷകന്‍, പരിഭാഷകന്‍ എന്നതിന് പുറമെ എഴുത്തുകാരന്‍ എന്ന നിലയിലും ഇ അഹമ്മദ് മികവു കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇ അഹമ്മദിനെ അങ്കം വെട്ടാന്‍ പാര്‍ട്ടി നിയോഗിച്ചത് 1967 ലാണ്. സപ്തകക്ഷി മുന്നണിയുടെ ഭാഗമായാണ് മുസ്‌ലിംലീഗ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി സി.എച്ചും ഭരണപക്ഷത്തിന്റെ ശക്തമായ ജിഹ്വയായി ഇ. അഹമ്മദും നിയമസഭയില്‍ തിളങ്ങി. . അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നാണ് ഇ. അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രഭാഷണങ്ങള്‍ ഇ അഹമ്മദ് നടത്തുകയുണ്ടായി. ഇന്ദിരാഗാന്ധി ചില സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിട്ടപ്പോള്‍ അവയെ പിരിച്ചു വിടേണ്ടതു തന്നെയാണെന്ന് സ്ഥാപിച്ച് ഇ അഹമ്മദ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ. അഹമ്മദിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വ്യവസായ മേഖലക്ക് ഊര്‍ജ്ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ സംരങ്ങള്‍ക്ക് തുടക്കമിടുന്നത് ഇ അഹമ്മദ് കേരള വ്യവസായ മന്ത്രിയായ കാലയളവിലാണ്. നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാടുകള്‍ നയമായി സ്വീകരിക്കാന്‍ അക്കാലങ്ങളില്‍ വ്യവസായ വകുപ്പ് തയ്യാറായി എന്നത് എടുത്തു പറയേണ്ടതാണ്.
കേരള രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്നു വന്ന്, പൂര്‍ണ്ണാര്‍ത്ഥത്തില്‍ ദേശീയ നേതാവിന്റെ ഗുണഗണങ്ങള്‍ ആര്‍ജ്ജിച്ച വ്യക്തിത്വമായിരുന്നു ഇ അഹമ്മദിന്റേത്. 1991 ലാണ് ഇ അഹമ്മദ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മഞ്ചേരി മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തിന് ഇദ്ദേഹം ലോക്‌സഭയിലെത്തുകയുണ്ടായി. ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള അവഗാഹം ലോക്‌സഭാ പ്രസംഗങ്ങളില്‍ ഇ അഹമ്മദിന് മുതല്‍കൂട്ടായി. കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമായ നിരവധി വിഷയങ്ങളില്‍ ഇ അഹമ്മദ് എം.പിയെന്ന നിലയില്‍ ഇടപെടലുകള്‍ നടത്തി.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ അഹമ്മദ് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുകള്‍ക്കുള്ള സാക്ഷ്യമാണ്. പ്രവാസികള്‍ക്ക് വോട്ടവകാശം എന്നത് വലിയ ചര്‍ച്ചയാകാത്ത കാലത്താണ് ഇ അഹമ്മദ് ഈ വിഷയത്തെ ആസ്പദമാക്കി ബില്‍ അവതരിപ്പിച്ചതെന്നോര്‍ക്കണം. 1996 ലും 99 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇ അഹമ്മദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടങ്ങളിലൊക്കെ പ്രവാസി ഇന്ത്യക്കാര്‍ക്കും കേരളീയര്‍ക്കും വേണ്ടി ആ ശബ്ദം ലോക്‌സഭയില്‍ തുടര്‍ച്ചയായി മുഴങ്ങിക്കേട്ടു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ പരാജയം നേരിട്ടപ്പോള്‍ കാറ്റിലും കോളിലും ഇളകാതെ വിജയരഥമോടിച്ച ഒരൊറ്റ പ്രതിനിധി മാത്രമെ മുന്നണിക്കുണ്ടായിരുന്നുള്ളൂ. അത് ഇ അഹമ്മദായിരുന്നു. 20 സീറ്റില്‍ 19 ലും എല്‍.ഡി.എഫ് വിജയം നേടിയപ്പോള്‍ പൊന്നാനി മണ്ഡലത്തില്‍ ഇ അഹമ്മദ് നേടിയ വിജയം നിരാശയിലാണ്ട കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി. തുടര്‍ന്ന് യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ ഇ അഹമ്മദ് തിളങ്ങി. വിദേശ രാജ്യങ്ങളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായി. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് വേണ്ടി നിരവധി തവണ അദ്ദേഹം നയതന്ത്ര ഇടപെടുകള്‍ നടത്തുകയുണ്ടായി. രണ്ടാം യു.പി.എ ഗവണ്‍മെന്റിലും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ഇ അഹമ്മദിന്റേത്. റെയില്‍വേ, മാനവ വിഭവശേഷി എന്നീ വകുപ്പുകളുടെ സഹ മന്ത്രിയായ അഹമ്മദ് കേരളത്തിന് വേണ്ടി ഉറച്ച ശബ്ദമുയര്‍ത്തി. മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തുടങ്ങിയ സ്ഥാനങ്ങള്‍ പല കാലയളവിലായി ഇ അഹമ്മദ് വഹിക്കുകയുണ്ടായി. സംഘടനാ മികവിനു പുറമെ വാക് ചാതുര്യവും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരാവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് തുണയായി.

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending