കോട്ടയം: പ്രണയം നിരസിച്ചതിന് .യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയ യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി(21)കൊല്ലം സ്വദേശി ആദര്‍ശ്(28) എന്നിവരാണ് മരിച്ചത്. എം.ജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

പെണ്‍കുട്ടിയോട് യുവാവ് തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിക്കുകയും ശല്യം സഹിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചക്ക് കോളേജിലെത്തിയ യുവാവ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തടഞ്ഞുനിര്‍ത്തി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു. ശേഷം പെണ്‍കുട്ടിയെ തീകൊളുത്തി ആദര്‍ശും തീകൊളുത്തി. കരച്ചില്‍ കേട്ട സഹപാഠികള്‍ ഓടിയെത്തുകയും ബാത്ത്‌റൂമില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് തീയണക്കുകയും ചെയ്തു. ഇരുവര്‍ക്കുമൊപ്പം രക്ഷിക്കാന്‍ ശ്രമിച്ച മൂന്ന് സുഹൃത്തുക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് 70ശതമാനം പൊള്ളലേറ്റിറ്റുണ്ട്.

നാലാം സെമസ്റ്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇതേ കോളേജില്‍ 2013-ല്‍ പഠനം പൂര്‍ത്തിയാക്കിയ ആളാണ് യുവാവ്.