കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി. നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഊരാളുങ്കലിന് ലഭിച്ച പദ്ധതികള്‍, പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാത്തതുമായ പദ്ധതികള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ, ചൂതാട്ട വിരുദ്ധ നിയമപ്രകാരമുള്ള അന്വേഷണമാണ് സൊസൈറ്റിക്കെതിരെ നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.