കൊച്ചി മഹാനഗരത്തിന് ഏതാനും കിലോമീറ്റര്‍ മാത്രമകലെ 2017 ഫെബ്രുവരി 17ന് രാത്രി പ്രമുഖയായ തെന്നിന്ത്യന്‍ യുവ അഭിനേത്രിയെ ഏതാനും വാടക ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മലയാളത്തിന്റെ ജനപ്രിയനടനും നിര്‍മാതാവും തിയേറ്ററുടമയും വിതരണക്കാരനും ഹോട്ടലുടമയുമൊക്കെയായ ദിലീപ് റിമാന്‍ഡില്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകത്തിനപ്പുറത്ത് കേരളീയര്‍ക്കാകെ ഞെട്ടലിനും ആശ്വാസത്തിനുമൊപ്പം വലിയ മാനഹാനിക്കും ഇടവരുത്തിയിരിക്കുകയാണ്. ഇതിനകംതന്നെ മുഖ്യപ്രതി സുനില്‍ കുമാറിനും മറ്റു ഏഴു പേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് രേഖപ്പെടുത്തുകയും ചെയ്തതാണ്. എന്നാലിപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഐ.പി.സി 120 ബി പ്രകാരം ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാര്‍ത്തിയാണ്. കൂട്ടബലാല്‍സംഗക്കുറ്റവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സംഭവത്തിന് നാലു മാസവും 23 ദിവസവും പിന്നിട്ട ശേഷമാണ് ഈ അറസ്റ്റിന് പൊലീസ് തയ്യാറായത് എന്നത് തേഞ്ഞുമാഞ്ഞുപോകുമായിരുന്ന ഒരു സുപ്രധാന കേസിലെ പ്രധാന വഴിത്തിരിവാണെന്ന കാര്യത്തില്‍ സംശയമില്ല. സംവിധായകന്‍ ലാലും കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസുമാണ് കേസില്‍ സംഭവ ദിവസം നിര്‍ണായക ചുവടുവെച്ചത്. ഇതിലേക്ക് വഴിതിരിച്ച അന്വേഷണോദ്യോഗസ്ഥര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.
സംഭവത്തിനുശേഷം പ്രതികളെ പിടികൂടുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്ത ഘട്ടത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കേസില്‍ ഗൂഢാലോചനയില്ലെന്ന പ്രസ്താവനയുമായി പരസ്യമായി രംഗത്തുവന്നത്. ‘പ്രധാനപ്രതിയുടെ ഭാവനയില്‍ നടത്തിയ നടപടിയാണെന്ന’- തീര്‍ത്തും അപക്വമായ പ്രസ്താവമായിരുന്നു ഉത്തരവാദിത്തപ്പെട്ട ഈ ഭരണത്തലവന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, സിനിമാനടീനടന്മാരുടെ സംഘടനയുടെ തലപ്പത്തുള്ള സി.പി.എമ്മുകാരും അനുഭാവികളുമായ ചാലക്കുടി ലോക് സഭാംഗം ഇന്നസെന്റ്, ഇടതുഎം.എല്‍.എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരൊക്കെ പ്രതിയെന്ന് സംശയിക്കുന്ന ദിലീപിനെ അമ്മയുടെ യോഗത്തിലും വാര്‍ത്താസമ്മേളനത്തിലും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുകേഷിന്റെ ഡ്രൈവറായിരുന്നു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്നതും കേസിലെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. എന്നാല്‍ ഈ ദു:സ്വാധീനങ്ങളെയെല്ലാം അതിജീവിച്ച് തന്റെ വാഗ്ദത്ത പ്രതിഫലം കിട്ടാത്തതിന് പ്രതി സുനി കാക്കനാട് ജയിലില്‍വെച്ച് ദിലീപുമായി ജൂണില്‍ നടത്തിയ ഫോണ്‍ വിളിയും കത്തെഴുത്തും അതിന് മറുപടിയായി ദിലീപ് നല്‍കിയ ബ്ലാക്‌മെയിലിങ് പരാതിയുമാണ് വാസ്തവത്തില്‍ കേസിനെ ഇന്നത്തെ വഴിത്തിരിവിലെത്തിച്ചതെന്ന് സംഭവഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന ആര്‍ക്കും മനസ്സിലാകും. ഈ പശ്ചാത്തലത്തില്‍ നടി മഞ്ജുവാര്യരുടെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട സിനിമയിലെ വനിതാകൂട്ടായ്മയുടെ ജാഗ്രതയും സമ്മര്‍ദവുമാണ് കേസിനെ ഇന്നത്തെ നിലയിലേക്ക് തിരിച്ചുവിട്ടത്.
താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായ ദിലീപിനെ അറസ്റ്റു ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുന്നതില്‍ സിനിമാമേഖലയിലെ തന്നെ പലരുടെയും മൊഴികള്‍ പൊലീസിന് സഹായകമായിരുന്നുവെന്ന് അറിഞ്ഞിട്ടും സിദ്ദീഖ്, സലീംകുമാര്‍, ദേവന്‍, സംവിധായകന്‍ സജി നന്ത്യാട്ട് തുടങ്ങിയവരും അദ്ദേഹത്തെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പര്‍താരങ്ങള്‍ അര്‍ഥഗര്‍ഭമായ മൗനംപാലിക്കുകയും ചെയ്തു. അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും ഫെഫ്കയില്‍ നിന്നുമൊക്കെ ദിലീപിനെ പുറത്താക്കിയത് പുതിയ സാഹചര്യത്തില്‍ ആശ്വാസകരമാണെങ്കിലും ഇനിയുള്ള അന്വേഷണങ്ങളും തെളിവുശേഖരണവും കോടതി വ്യവഹാരങ്ങളുമൊക്കെയാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. താന്‍ നിരപരാധിയാണെന്നും തന്നെ ക്രൂശിക്കുകയാണെന്നുമൊക്കെയുള്ള ദിലീപിന്റെ പരസ്യമൊഴികള്‍ കേസിന്റെ ഭാവി എങ്ങോട്ടായിരിക്കുമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
മിമിക്രി കലയിലൂടെ അഭിനയ രംഗത്തെത്തിയ ദിലീപിന് മലയാളത്തിലെ മികച്ച നടിയെത്തന്നെ ഭാര്യയാക്കാനായത് ഏവരുടെയും പ്രശംസക്ക് പാത്രമായിരുന്നെങ്കിലും ആറു വര്‍ഷത്തെ ഇവരുടെ ദാമ്പത്യ ജീവിതം തകര്‍ന്നതിന് കാരണക്കാരിയെന്നു പറയുന്ന നടിയോടുണ്ടായ വൈരാഗ്യമാണ് അവരെ ഇത്തരമൊരു ഹീനകൃത്യത്തിലൂടെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇത് ശരിയെങ്കില്‍ നാലുമാസം മുമ്പ് അറസ്റ്റിലാകേണ്ടിയിരുന്ന ദിലീപിനെതിരെ കോടതിയില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചിലരെങ്കിലും ഉയര്‍ത്തുന്ന ശങ്ക അസ്ഥാനത്തല്ല. കോടികളുടെ ബിസിനസും ഭരണ കക്ഷിയിലെ ബന്ധങ്ങളും സ്വാധീനങ്ങളും പ്രതി ഉപയോഗിച്ചുകൂടെന്നില്ല. ഇതുവരെയുള്ള സര്‍ക്കാര്‍, ഭരണകക്ഷിയുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഈ സംശയം ബലപ്പെടുത്തുന്നുമുണ്ട്. ഇടതുപക്ഷത്തിന് പ്രിയപ്പെട്ട അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി വാദിക്കാനെത്തിയിരിക്കുന്നത് എന്നതും വലിയ സൂചനകള്‍ നല്‍കുന്നുണ്ട്. പ്രതി സുനിക്കാകട്ടെ ഹാജരാകുന്നത് സൗമ്യവധക്കേസിലെ വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനസികമായ ബലമാണ് മറ്റൊരു പ്രധാനപ്രശ്‌നം. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളിലെ വിചാരണ നടപടികള്‍ അവരുടെ പേടിസ്വപ്‌നമാണ്.
വിദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അഭിനയശേഷിക്കുപരി ശരീര സൗന്ദര്യവും ഗ്ലാമറുമാണ് സിനിമ എന്ന ജനപ്രിയ മാധ്യമത്തില്‍ ഇന്നും പ്രധാന മാനദണ്ഡം. മലയാള സിനിമയുടെ തൊണ്ണൂറ് വര്‍ഷത്തെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും ലൈംഗിക ചൂഷണങ്ങളും പ്രതികാര പ്രവൃത്തികളും ഇന്ത്യന്‍ സിനിമാരംഗത്താകെ നിലവിലുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്. നടികളെ സ്വകാര്യമായി വിസ്തരിക്കുന്ന ‘കാസ്റ്റിങ്കൗച്ച്’ സംവിധാനമാണ് ഇതിലൊന്ന്. ഗുണ്ടകളും മയക്കുമരുന്നിടപാടുകാരും പിടിച്ചുപറിക്കാരുംവരെ ഈ മേഖലയിലുണ്ടെന്ന് വ്യക്തമായിട്ടും ഈ രംഗത്തെ പ്രമുഖരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ചെറുവിരലനങ്ങാതിരുന്നത് എന്തുകൊണ്ട് ? പാര്‍വതിയെപോലുള്ള നടികള്‍ പറഞ്ഞത് മാത്രമായിരുന്നു ഏക അപവാദം. ഇരയ്ക്ക് നീതി ഉറപ്പുവരുത്തണമെങ്കില്‍ സ്ത്രീകളുടെയും പൊതുസമൂഹത്തിന്റെയാകെയും നിതാന്ത ജാഗ്രതയാണ് സ്ത്രീ പീഡകര്‍ക്കെതിരെ ഇനി ഉണ്ടാവേണ്ടത്.