മലയാളികളുടെ ഗൃഹാതുരതയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നൂലിട പോലും അന്തരമില്ലാത്ത സമത്വ സുന്ദരമായ നല്ലകാലം ഓര്‍മപ്പെടുത്തുകയാണ് ഒരോ ഓണവും. തികച്ചും കാര്‍ഷിക പ്രധാനമായ ഉത്സവമാണ് ഓണം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷാവസരമെന്ന നിലയിലാണ് പഴമക്കാര്‍ കാണം വിറ്റും ഓണം ഉണ്ണണം എന്ന് കരുതിയത്. വിഭവങ്ങളുടെ വൈപുല്യത്തേക്കാള്‍ അവ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഓണ നാളുകളെ സമ്പന്നമാക്കുന്നത്. അത്തം മുതല്‍ പത്തുദിവസം തുടരുന്ന ഒരുക്കങ്ങളുടെ പരിസമാപ്തിയില്‍ തിരുവോണം ആഘോഷമാകുന്നു. ഓണപ്പൂക്കളും ഓണക്കോടിയും ഓണക്കളികളും ഓണവിഭവങ്ങളും ഓണപ്പാട്ടുകളുമൊക്കെ ചേര്‍ന്ന് അതിമനോഹരമായ അനുഭവമാണ് ഓണം.
കാര്‍ഷിക സംബന്ധിയായ ഉത്സവം എന്ന നിലയില്‍ ഓണത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ പ്രഥമ സ്ഥാനമാണുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി വിഭവങ്ങള്‍ ഉപയോഗിക്കുന്ന സമയവും ഒരുപക്ഷേ ഓണക്കാലം തന്നെയായിരിക്കും. മലയാളിക്ക് തനതായ ഒരു കാര്‍ഷിക സംസ്‌കാരം ഉണ്ടായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചാണ് പൂര്‍വ്വികര്‍ കൃഷിയിറക്കിയിരുന്നത്. പാടത്തെ ചേറിന്റെയും വൈക്കോലിന്റെയും പശു ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെയും സാന്നിധ്യത്തിലും സാമീപ്യത്തിലുമാണ് പഴയ തലമുറ വളര്‍ന്നത്. രാവിലെ വളരെ നേരെത്തെ ഉറക്കമുണര്‍ന്ന് അത്യാവശ്യം വീട്ടുകാര്യങ്ങള്‍ തീര്‍ത്തശേഷം കുടുംബസമേതം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതായിരുന്നു അന്നത്തെ രീതി. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ബന്ധുമിത്രാദികളുമെല്ലാം ഒത്തൊരുമിച്ചുള്ള കൂട്ടായ്മയായിരുന്നു കൃഷി. കേവലം ഉപജീവനമാര്‍ഗം എന്നതിലുപരി ജീവിതത്തിന്റെ കേന്ദ്രമായാണ് അവര്‍ കാര്‍ഷിക വൃത്തി കണ്ടത്. നിലമൊരുക്കലും ഞാറുനടീലും വെള്ളം തേവലും കള പറിക്കലും വളമിടീലും കൊയ്ത്തും മെതിയും പത്തായം നിറയ്ക്കലും ഉള്‍പ്പെടെ എല്ലാം കൂട്ടയ്മകളുടെ ആരവങ്ങളായിരുന്നു. ഇല്ലംനിറ, വല്ലംനിറ, പുത്തരി, ഉച്ചാറല്‍ തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളും അതോടൊപ്പം ആനന്ദമായി. ഓരോ വീട്ടുതൊടിയും ഭക്ഷ്യ വൈവിധ്യത്താല്‍ അടുക്കളകളെ സമ്പന്നമാക്കി. പയറും വെണ്ടയും വഴുതനയും മുരിങ്ങയ്ക്കയും മത്തനും കുമ്പളവും വെള്ളരിയുമൊക്കെ തൊടികളില്‍ വിളഞ്ഞു. കറി വെക്കാന്‍ നേരത്ത് തൊടിയിലിറങ്ങി പച്ചക്കായയോ പപ്പായയോ പാവയ്ക്കയോ കോവയ്ക്കയോ ചേമ്പിന്‍ താളോ ഒക്കെ പറിച്ചെടുത്ത് ‘ഫാം ഫ്രെഷ്’ ആയി തന്നെ വീട്ടമ്മമാര്‍ ഉപയോഗിച്ചിരുന്നു. ശുദ്ധമായ കറിവേപ്പിലയും സുലഭമായിരുന്നു. എന്നാല്‍ കാലാവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും ജീവിതനിലവാരത്തില്‍ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളും മലയാളികളെ കൃഷിയിടങ്ങളില്‍ നിന്ന് അകറ്റി. വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും വിപണികളില്‍ നിന്ന് വാങ്ങാമെന്ന നില വന്നതോടെ സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനുള്ള മാനസികാവസ്ഥയില്‍ മാറ്റം വന്നു. മലയാളി പൂര്‍ണമായും വിപണിയുടെ മാസ്മരിക വലയത്തിലായി. ഇന്ന് പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ആശ്രയിക്കുന്നത് പ്രധാനമായും അന്യസംസ്ഥാനങ്ങളെയാണ്. ഒരു പച്ചമുളക് തൈ പോലും സ്വന്തമായി നട്ടുവളര്‍ത്താന്‍ മെനക്കെടാത്തവരായി ആലസ്യത്തിലാണ്ടു നാം.
പതിയെ സമൂഹം മാരകരോഗങ്ങളുടെ പിടിയിലേക്ക് നീങ്ങുന്നത് വൈകിയെങ്കിലും ഞെട്ടലോടെ തിരിച്ചറിയുകയാണ് കേരളീയര്‍. നമ്മുടെ തനതായ കാര്‍ഷിക സംസ്‌കാരത്തെ മറന്നുകൊണ്ട് ഉപഭോഗസംസ്‌കാരത്തെ ആഞ്ഞുപുല്‍കിയതോടെയാണ് ജീവിതശൈലീ രോഗങ്ങള്‍ ഗ്രസിച്ചു തുടങ്ങിയത്. പണ്ടുണ്ടായിരുന്ന പല രോഗങ്ങളും രൂപം മാറുകുയും വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാകുകയുമാണ്. അര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. നമുക്ക് അധികകാലം ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. ഭക്ഷ്യസാധനങ്ങള്‍ എല്ലാം തന്നെ സ്വയം ഉത്പാദിപ്പിക്കുന്ന പഴയ ശീലം വീണ്ടെടുക്കണമെന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ജനങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനമെന്ന കാഴ്ചപ്പാടാണ് ഇതിനു പിറകില്‍. സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കാര്‍ഷിക നയം അതാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയുടെ പ്രോത്സാഹനം ഈ നയത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ്. വീട്ടുവളപ്പുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, തരിശുനിലങ്ങള്‍ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷി, അടുക്കളത്തോട്ടങ്ങള്‍, മട്ടുപ്പാവ് കൃഷി എന്നിവ നടപ്പിലാക്കി പച്ചക്കറി ഉത്പാദനരംഗത്ത് പൊതുജന പങ്കാളിത്തത്തോടെ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളെ കണ്ടെത്തി അവിടെ പ്രത്യേകം കാര്‍ഷിക മേഖലകളായി തരംതിരിച്ച് വായ്പാ സൗകര്യം, മേല്‍ത്തരം വിത്ത്, മറ്റ് ഉത്പാദനോപാധികള്‍, യന്ത്രവത്കരണം എന്നിവ ലഭ്യമാക്കി നല്ല കാര്‍ഷിക മുറകള്‍ അവലംബിച്ച് കര്‍ഷക കൂട്ടായ്മയിലൂടെ സുരക്ഷിത പച്ചക്കറികളും പഴവര്‍ഗങ്ങളും പരമാവധി ഉത്പാദിപ്പിക്കുക, അങ്ങനെ ഉത്പാദിപ്പിക്കുന്നവയുടെ സംഭരണം, വിപണനം എന്നിവ ശക്തമാക്കി പുതുമ നഷ്ടപ്പെടാതെ അവ കൃഷിയിടങ്ങളില്‍ നിന്നും വിപണയിലേക്ക് എത്തിച്ച് കര്‍ഷകന് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് ഈ രംഗത്തെ ഇടപെടലുകളില്‍ പ്രധാനം.
ഈ ഓണക്കാലത്ത് സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന പേരില്‍ ബൃഹത്തായ ജനകീയപദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. വിഷമില്ലാത്ത ശുദ്ധമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ചെടുത്ത് ഓണസദ്യ ഗംഭീരമാക്കാനുള്ള ഉദ്യമമാണിത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായ രീതിയിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹരിതകേരളം മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, പൊതുസ്ഥാപനങ്ങള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകള്‍ തുടങ്ങി എല്ലാവിഭാഗം ആളുകളുടെയും സഹകരണത്തോടെ മാത്രമേ ഇത് വിജയിപ്പിക്കാന്‍ കഴിയൂ. ഈ മഹത്തായ പദ്ധതി ഇന്നുമുതല്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയാണ്. 63 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തില്‍പരം ഗ്രോ ബാഗുകള്‍ എന്നിവ ഇന്നുമുതല്‍ ലഭ്യമാക്കും. പുരയിട പച്ചക്കറി കൃഷി, വിപണനം, വരുമാന വര്‍ധന എന്നിവക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഉത്പാദനം വര്‍ധിപ്പിക്കുകവഴി പുറമേ നിന്നുള്ള വിഷമയമായ പച്ചക്കറികളുടെ വരവ് നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് പ്രോത്സാഹനം എന്ന നിലയില്‍ പാരിതോഷികം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന വീട്ടമ്മമാര്‍ക്കും ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും പാരിതോഷികമായി നല്‍കും. സംസ്ഥാനതലത്തില്‍ 50,000 രൂപ, 25,000 രൂപ വീതം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് നല്‍കും. ജില്ലാതലത്തില്‍ ഇത് 10,000രൂപ, 5,000 രൂപ വീതമാണ്.
പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി, കേവലം ഓണക്കാലത്തേക്കുമാത്രമുള്ള പദ്ധതിയാകാതെ സ്ഥിരം സംവിധാനമാക്കുന്നതിനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുന്നതോടെ മാരക രോഗങ്ങള്‍ ഇവിടെ നിന്ന് വഴിമാറുക തന്നെ ചെയ്യും. നല്ല ഭക്ഷണം വഴി നല്ല ആരോഗ്യവും നല്ല സമൂഹവും ഉണ്ടാകേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് നല്ല പച്ചക്കറി കൂട്ടി ഊണ് കൊടുക്കുക എന്നതിനൊപ്പം വരാന്‍ പോകുന്ന തലമുറകളിലേക്കും ഈ മഹത്തായ സന്ദേശം കൈമാറേണ്ടതുണ്ട്. നമ്മുടെ നല്ല മണ്ണും ശുദ്ധമായ വായുവും പവിത്രമായ വെള്ളവും വാസയോഗ്യമായ കാലാവസ്ഥയും ഒട്ടും മലിനമാകാതെ, നാം എങ്ങനെ സ്വീകരിച്ചുവോ അതിലും മികച്ച നിലയില്‍ അടുത്ത തലമുറക്ക് കൈമാറുന്നതിന് നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് നമ്മുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം കൂടിയാണ്. പങ്കിടലിന്റെയും കൂട്ടായ്മയുടെയും നന്മയുടെയും സംസ്‌കാരം. മാവേലി നാട് വാണിരുന്ന കാലത്തെ സംസ്‌കാരം.