അറിവിന്റെ ആത്മാവറിഞ്ഞ് കര്‍മപഥങ്ങളെ അനശ്വരമാക്കിയ മഹാവ്യക്തികള്‍ ലോകത്തിനെന്നും അലങ്കാരമാണ്. അവര്‍ കൊളുത്തിവച്ച ജ്ഞാനസപര്യയിലെ ജ്യോതിര്‍ഗോളങ്ങളാണ് സമൂഹത്തിന്റെ സമുദ്ധാരണ വഴികളെ പ്രശോഭിതമാക്കുന്നത്. കേരളത്തിന്റെ വൈജ്ഞാനിക,നവോത്ഥാന മണ്ഡലങ്ങളെ സക്രിയമാക്കിയ അത്തരം ശ്രേഷ്ഠ പണ്ഡിതരില്‍ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച കരുവള്ളി മുഹമ്മദ് മൗലവി. വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ തലങ്ങളിലെ തന്റെ വിശിഷ്ട ഗുണങ്ങള്‍ സര്‍വതും സമുദായ പുരോഗതിക്കു സമര്‍പിച്ചാണ് കരുവള്ളി മുഹമ്മദ് മൗലവി കാലയവനികയിലേക്കു മറഞ്ഞത്. മലബാറിലെ പ്രഥമ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായും പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന്റെ ശില്‍പികളിലൊരാളായും സേവനമുദ്ര പതിപ്പിച്ച ആ പണ്ഡിത പ്രതിഭയുടെ വിയോഗം ഒരു സുകൃത യുഗത്തിന്റെ പര്യവസാനമാണ്. വ്യക്തി എത്രമാത്രം ജ്ഞാനിയാണോ അത്രമാത്രം സമൂഹം സഫലത കൈവരിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. വിജ്ഞാനത്തിന്റെ ഗിരിശൃംഖത്തില്‍ വിരാജിക്കുമ്പോഴും വിനയം കൈമുതലാക്കി, ലാളിത്യത്തോടെ ജീവിച്ച മുഹമ്മദ് മൗലവി ഓര്‍മകളുടെ അറകളില്‍ ഒളിമങ്ങാതെ ചിരിതൂകി നില്‍ക്കും.
പിന്നാക്കത്തിന്റെ പടുകുഴിയില്‍ നിന്ന് ഉത്ഥാനത്തിന്റെ ഉത്തുംഗതയിലേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വെട്ടിത്തീര്‍ത്ത രാജപാതക്ക് കരുത്തായി കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയര്‍പ്പുതുള്ളികളുണ്ടായിരുന്നു. സ്വാതന്ത്ര്യസമര നായകനും പ്രമുഖ പണ്ഡിതനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയില്‍ നിന്ന് ആദ്യാക്ഷരങ്ങളിലൂടെ നേടിയെടുത്ത ആര്‍ജവവും ഉമറാബാദ് ദാറുല്‍ ഉലൂമിലെ അനുഭവ പാഠവും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള പടവാളാക്കുകയായിരുന്നു മൗലവി. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കിയതില്‍ കരുവള്ളിയുടെ കര്‍മവൈഭവമുണ്ട്. കെ.എം സീതിസാഹിബില്‍ നിന്നുള്ള പ്രചോദനമാണ് കരുവള്ളിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ് തുടങ്ങിയ മുസ്്‌ലിംലീഗിന്റെ സമുന്ന നേതാക്കളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചും തന്റെ സ്വപ്‌നതുല്യമായ വീക്ഷണങ്ങള്‍ പങ്കുവച്ചും അദ്ദേഹം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിന് കളമൊരുക്കി. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന്റെയും ഇടം വലം ചേര്‍ന്ന് വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ പുഷ്‌ക്കലമാക്കി. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു, പാഴ്‌സി,ഹിന്ദി ഭാഷകളിലെ തന്റെ വൈദഗ്ധ്യം കടന്നുചെല്ലേണ്ട വഴികളെ സര്‍വാംഗീകൃതമാക്കി. അതിലൂടെ അറബി ഭാഷാ പഠനത്തെ സംസ്ഥാന പൊതുവിദ്യാഭ്യാസ മണ്ഡലത്തില്‍ അലംകൃതമാക്കി. ഭാഷാപഠനത്തിനു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളില്‍ മുണ്ടുമുറുക്കി മുന്നണിപ്പോരാളിയായി നിലകൊണ്ട കരുവള്ളി മൗലവി ഭാഷാധ്യാപന രംഗത്ത് ദീപ്തമായ മാതൃകയുടെ മഹാസൗധമാണ് പണിതുവച്ചത്. പരസഹസ്രം ശിഷ്യഗണങ്ങളിലൂടെ അതിന്റെ സുഗന്ധവും സൗകുമാര്യതയും കേരളക്കരയാകെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
1919 ഏപ്രില്‍ ഏഴിന് മക്കരപ്പറമ്പിനടുത്ത കുറുവ കരിഞ്ചാപ്പാടിയില്‍ കരുവള്ളി ഹൈദര്‍ മുസ്്‌ലിയാരുടെയും കടുങ്ങപുരം കരുവാടി ഖദീജയുടെയും മകനായാണ് ജനനം. സമുദായത്തിന്റെ ഉയര്‍ച്ചക്കായുള്ള ഉള്‍ത്തുടിപ്പുകളോരോന്നും നേരിട്ടേറ്റെടുക്കാന്‍ സൗഭാഗ്യം ലഭിച്ച അപൂര്‍വം നേതാക്കളിലൊരാളാണദ്ദേഹം. ആയിരം പൊന്‍തിങ്കള്‍ക്കല തൊട്ട കാവ്യജന്മത്തിലെ നൂറാം വയസിലും കര്‍മനൈരന്തര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വിദ്യാഭ്യാസ-നവോത്ഥാന നഭസുകളിലെല്ലാം പൂര്‍ണനിലാവിനൊത്ത മുഖപ്രസാദത്തോടെ കരുവള്ളിയുണ്ടായിരുന്നു. ജീവിതംപോലെ നൈര്‍മല്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെങ്കിലും അവയില്‍ ആശയഗാംഭീര്യം സ്ഫുരിച്ചുനിന്നിരുന്നു. ആദര്‍ശ പ്രബോധന മേഖലയെ അണയാതെ കാത്തുസൂക്ഷിക്കാന്‍ ആ വാഗ്‌വൈഭവത്തിനായി. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ തുടക്കകാലം മുതല്‍ മുഴുവന്‍ ചുവടുവെപ്പുകളിലും സജീവമായി സഞ്ചരിച്ചു. അറിവ് അന്വേഷിച്ച് കണ്ടെത്തുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ഉറച്ച നിലപാടുകളിലൂടെ ആശയങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്തു. ഉമറാബാദ് ദാറുസ്സലാം യൂണിവേഴ്‌സിറ്റിയിലെ പഠനം ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളുമായി സുദൃഢബന്ധം സ്ഥാപിക്കാന്‍ അവസരമായി. കരുവള്ളിയുടെ വാക്കുകളിലും എഴുത്തുകളിലും ചിന്തകളിലും അതിന്റെ രചനാത്മകമായ സൗന്ദര്യം പ്രകടമായിരുന്നു. അഞ്ചു ഭാഷകളിലെ നൈപുണ്യവും അനന്യസാധാരണമായ അവതരണ മികവും തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്്‌റു മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനുള്ള കമ്മിറ്റിയില്‍ മുഹമ്മദ് മൗലവിയെ അംഗമാക്കിയത്.
അറബി പാഠപുസ്തക രൂപീകരണത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരുവള്ളിയെ ചുമതലയേല്‍പിച്ചതും അദ്ദേഹത്തിന്റെ സര്‍ഗവൈഭവത്തിന്റെ സാക്ഷ്യമാണ്. 1957ല്‍ പ്രഥമ കേരള സര്‍ക്കാറിന്റെ അറബി ഭാഷാ പുസ്തക രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം.1962ല്‍ അറബി-ഉര്‍ദു എല്‍.ടി.ടി കോഴ്‌സ് ആരംഭിച്ചപ്പോള്‍ അതിന്റെ കരിക്കുലം തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതും മൗലവിയെ തന്നെ. മലപ്പുറം ജില്ലാ സാക്ഷരതാ അക്കാദമിക് കൗണ്‍സില്‍ പ്രഥമ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി, ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളെ സേവന സമ്പന്നമാക്കി. വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലും സര്‍ക്കാര്‍ സര്‍വീസ് കാര്യങ്ങളിലും പുരോഗമനപരമായ ആശയങ്ങളെ അവലംബിക്കുന്നതായിരുന്നു കരുവള്ളിയുടെ രീതി. കേരളത്തിലെ അറബി വിദ്യാഭ്യാസത്തിന് ശാസ്ത്രീയമായി അടിത്തറ പാകിയ മൗലവിയുടെ നേതൃത്വത്തില്‍ മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്ത്് പാഠപുസ്തക പരിഷ്‌കരണം നടന്നിട്ടുണ്ട്.
മദ്രാസ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ തുടര്‍ന്ന് പോന്ന കേരള എജുക്കേഷന്‍ റൂളിനെപ്പറ്റി ഏറെ അവഗാഹമുണ്ടായിരുന്ന മൗലവി അറബി ഭാഷാപഠനത്തിന്റെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1944 ല്‍ അറബിക് പണ്ഡിറ്റ് യൂണിയനും, 1959ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. അറബിക് പണ്ഡിറ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കെ.എ.ടി.എഫിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. രണ്ടു പ്രസ്ഥാനങ്ങളെയും ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനു ആത്മാര്‍ത്ഥമായ നേതൃപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അധ്യാപകരുടെ തൊഴില്‍ സുരക്ഷിതത്വത്തിന്റെയും സേവന-വേതന വ്യവസ്ഥകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന്റെയും പോര്‍നിലങ്ങളില്‍ പ്രതിബദ്ധതയോടെ പോരാട്ടങ്ങള്‍ നയിച്ചു. 1942 ല്‍ ഉര്‍ദു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതു മുതല്‍ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി 1974ല്‍ വിരമിക്കുന്നതു വരെ തന്റെ സര്‍വീസ് രേഖയില്‍ അപമാനത്തിന്റെ ഒരു ചുവന്ന മഷിത്തുള്ളിയും അടയാളപ്പെടുത്താതെ ആത്മാഭിമാനത്തോടെയാണ് സേവനമവസാനിപ്പിച്ചത്. പള്ളിയില്‍ ഖുതുബാ പ്രസംഗം നിര്‍വഹിച്ച ശേഷം പാഠപുസ്തക രചനയ്ക്കും പള്ളിക്കൂടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയ്ക്കും ഇറങ്ങിപ്പുറപ്പെട്ടിരുന്ന കരുവള്ളിയുടെ കര്‍മസാഫല്യമാണ് കേരളത്തിലെ അറബിഭാഷാ പഠനത്തിന്റെ ഇന്നത്തെ വളര്‍ച്ചയത്രയും. കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനും അറബി ഭാഷക്കും കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ സംഭാവനകള്‍ കാലമെത്ര കഴിഞ്ഞാലും സമുദായ മനസില്‍ നിറഞ്ഞുനില്‍ക്കും.