Connect with us

Video Stories

കാമ്പസുകള്‍ക്ക് അന്യമാകുന്ന സ്വാതന്ത്ര്യം, ജനാധിപത്യം

Published

on


സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത് എസ്.എഫ്.ഐയുടെ പതാകയില്‍ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണ്. കാലങ്ങളായി ഇതിന് ഘടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളതെങ്കിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതോടെ എവിടെ ഈ മുദ്രാവാക്യങ്ങള്‍ എന്ന് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. സംഘടനയുടെ നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നൂറുക്കണക്കായ പ്രവര്‍ത്തകര്‍ വിയോജിപ്പിന്റെ സ്വരങ്ങളുയര്‍ത്തി വഴിമാറി നടന്നിട്ടുണ്ടെങ്കിലും ഇതു പോലെ സംഘടിതമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആസംഘടനയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂ. വിദ്യാര്‍ത്ഥികളുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് എക്കാലവും തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന സ്ഥാപനത്തില്‍നിന്നുതന്നെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു വന്നത്. കായികമായ അഭ്യാസങ്ങളാല്‍ മാത്രം തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്തപ്പെട്ട നൂറുക്കണക്കായ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിന്റെ അനുരണനങ്ങള്‍ തരങ്കം തീര്‍ക്കുമെന്ന കാര്യശുബോദര്‍ക്കമാണ്.
കാന്റീനില്‍ പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യൂണിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചിരിക്കുന്നത് അതിനെല്ലാം അപ്പുറമുള്ള കാര്യമാണ്. മൂന്നാം വര്‍ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതും അതിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും എസ്.എഫ്.ഐ യെ മാത്രമല്ല സി.പി.എം പാര്‍ട്ടിയെ തന്നെ അലോസരപ്പെടുത്താന്‍ പര്യാപ്തമാണ്. കോളജ് യൂണിയന്റെ ഓമനപ്പേരില്‍ കാമ്പസില്‍ നടക്കുന്ന കിരാത വാഴ്ച്ചക്കെതിരെ എസ്.എഫ്.ഐയെ സ്‌നേഹിക്കുകയും സി.പി.എം പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ പ്രതിരോധം ഉയര്‍ന്നു വരാന്‍ ആരംഭിച്ചിരിക്കുന്നു എന്നതാണത്. കുത്തേറ്റ അഖിലിന്റെ നേതൃത്വത്തില്‍ കോളജ് കാന്റീനില്‍ നടന്നത് കേവലം ഒരു പാട്ടുപാടല്‍ മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എസ്.എഫ്.ഐ അനുഭാവിയായ അവനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല. മറിച്ച് കാമ്പസില്‍ നിലനില്‍ക്കുന്ന സ്റ്റാലിനിസ്റ്റ് പ്രവണതകള്‍ക്കെതിരായ കൂട്ടായ്മയായിരുന്നു അന്ന് അവിടെ രൂപപ്പെട്ടത്. ഈ കൂട്ടായ്മ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനെ മുളയിലെ നുള്ളിക്കളയുക എന്ന ലക്ഷ്യത്തോടെയാണ് സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പതിവില്‍ നിന്ന് വിഭിന്നമായി എസ്.എഫ്.ഐ നേതൃത്വത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇതാദ്യമായി കാമ്പസില്‍ രൂപപ്പെട്ട ഒരു സംഘര്‍ഷത്തിന്റെ കടിഞ്ഞാണ്‍ അവരുടെ കൈകളില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു.
സംഭവത്തില്‍ ഉയര്‍ന്നുവന്ന കൂട്ടമായ പ്രതിഷേധം നേതൃത്വത്തെ ഏറെ ഭയപ്പാടിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. നേതൃത്വത്തിന്റെ ഏതു നരനായാട്ടിലും തങ്ങള്‍ക്കെതിര്‍പ്പുണ്ടെങ്കിലും ക മ ഉരുവിടാത്ത സാഹചര്യത്തില്‍നിന്നാണ് അഞ്ഞൂറോളം കുട്ടികള്‍ അതേ നേതൃത്വത്തിനെതിരെ പരാതിയുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും ഒരു ഘട്ടത്തില്‍ നേതൃത്വം സമ്മതിച്ചിരുന്നില്ല. സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ജില്ലാ കമ്മറ്റി പ്രസ്താവനയിറക്കുകയുമുണ്ടായി. എന്നാല്‍ കാമ്പസിനുള്ളില്‍ തങ്ങള്‍ക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പരിഭ്രമിക്കാതെ കാമ്പസിനു മുന്നില്‍ കുത്തിയിരുപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഉറപ്പിന്‍മേലാണ് പിരിഞ്ഞുപോയത്. നിമിഷങ്ങള്‍ക്കകം തന്നെ യൂണിറ്റ് കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ട് ദേശീയ പ്രസിഡന്റിന് പ്രസ്താവന ഇറക്കേണ്ടിയും വന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാമ്പസിലെ എസ്.എഫ്.ഐ തേര്‍വാഴ്ച്ചക്കെതിരായ പ്രതിരോധത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കാന്‍ കഴിയില്ലെന്നാണ് കാമ്പസിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കാമ്പസില്‍ പഠനാന്തരീക്ഷം നിലനില്‍ക്കില്ലെന്ന ആരോപണം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. സംഘടനയെ സ്‌നേഹിച്ചാണ് കാമ്പസിലെത്തിയതെന്നും എന്നാല്‍ നേതൃത്വത്തിന്റെ ചെയ്തികളില്‍ മനംമടുത്ത് ഇപ്പേള്‍ സംഘടനയോട് വെറുപ്പാണെന്നും പലരും തുറന്നടിക്കുന്നു. നേതാക്കള്‍ ക്ലാസില്‍ കയറാറില്ലെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം കാമ്പസില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നുമെല്ലാം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കലാലയ മുത്തശ്ശിയെ ഈ രീതിയിലാക്കി മാറ്റുന്നതില്‍ അവിടുത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്കും ഇപ്പോള്‍ പുറത്തുവരികയാണ്. വിദ്യാര്‍ത്ഥി നേതാക്കള്‍ സമാന്തര ഭരണം നടത്തുമ്പോള്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയെന്നതാണ് പലപ്പോഴും അധികാരികളുടെ ചുമതല. യൂണിയന്‍ നേതൃത്വത്തിനെതിരെ നിരന്തരം ലഭിക്കുന്ന പരാതികള്‍ അവഗണിക്കുന്ന മാനേജ്‌മെന്റ് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ നല്‍കിയ പരാതികള്‍ പോലും മുഖവിലക്കെടുക്കാന്‍ തയ്യാറാവാറില്ല. യൂണിറ്റിന്റെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥി കാലം കഴിഞ്ഞ ആളുകള്‍ കാമ്പസില്‍ വിലസുകയാണ്. എസ്.എഫ്.ഐ ഓഫീസ് ഇടിമുറി എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയും എതിര്‍ക്കുന്നവരെ അവിടെ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്നതും അവിടുത്തെ പതിവാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള നേതാക്കളുടെ ചുറ്റിയടിയും വിദ്യാര്‍ത്ഥികളെ വിരട്ടലുമെല്ലാം കാമ്പസിലെ ദിനചര്യയാണ്. എന്നാല്‍ ഇതിലൊന്നും ഇടപെടാതെ കാമ്പസിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കൈമാറിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും വലിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിട്ടും പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലായതിനാല്‍ താനൊന്നും അറിഞ്ഞില്ലെന്ന പ്രിന്‍സിപ്പളിന്റെ പ്രതികരണം തന്നെ ഈ നിരുത്തരവാദിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും കലാലയത്തെ ക്രിമിനലുകളുടെ സങ്കേതമാക്കി മാറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. സംഘര്‍ഷസമയങ്ങളില്‍ പോലും അവിടെയെത്തുന്ന പൊലീസുകാര്‍ നിഷ്‌ക്രിയരായി മാറുകയാണ്. അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ കണ്‍മുന്നിലുണ്ടായിട്ടും ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ നിസ്സഹായതയുടെ തെളിവാണ്. എന്ത് കൊടുംപാതകം ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് ഇത്തരം അഴിഞ്ഞാട്ടത്തിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴാകട്ടെ സി.പി.എമ്മും പോഷക സംഘടനകളും നടത്താറുള്ള സമരങ്ങള്‍ക്ക് ചോരയുടെ നിറം നല്‍കുന്നത് കോളജിനെ കരുവാക്കിക്കൊണ്ടാണ്. ക്യാമ്പസുകളില്‍ പൊലീസിനു പ്രവേശിക്കാനുള്ള വിലക്കും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്താണ് സമര സന്ദര്‍ഭങ്ങളില്‍ ഈ കലാലയത്തെ താവളമാക്കാറുള്ളത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാമ്പസിനെ ക്രിമിനലുകളുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്. എന്നാല്‍ അവിടുത്തെ സകല നെറികേടുകള്‍ക്കും ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് അത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നത് അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അഭികാമ്യമല്ല.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending