സംസ്ഥാനത്തെ നിരവധി വിദ്യാര്‍ത്ഥികളെയും പ്രതിപക്ഷ യുവജനസംഘടനാനേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായരീതിയില്‍ മര്‍ദിക്കുന്ന പൊലീസിന്റെ നടപടി സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അരാജകാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ അക്രമത്തിനും പരീക്ഷാതട്ടിപ്പുകള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച സമരം ചെയ്ത യൂത്ത്‌കോണ്‍ഗ്രസ്-കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസ് തല്ലിച്ചതച്ച് മാരകമായ പരിക്കേല്‍പിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാആസ്ഥാനങ്ങളിലും തങ്ങളുടെ രാഷ്ട്രീയയജമാനന്മാരെ തൃപ്തിപ്പെടുന്ന മനുഷ്യ വേട്ടയാണ് പൊലീസ് നടത്തിയത്. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ ജനാധിപത്യ അവകാശത്തിന്റെ ബലത്തിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തൊട്ടാകെ കാമ്പസിനു പുറത്തേക്ക് സമരം വ്യാപിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളും കുരുന്നുകളുമാണെന്ന ധാരണ പോലുമില്ലാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് പ്രതിപക്ഷ സംഘടനക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ എം.എസ്.എഫ് നടത്തിയ സമരത്തെയും തീവ്രവാദികളോടെന്ന പോലെയാണ് സഖാക്കളുടെ പൊലീസ് നേരിട്ടത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മാവോയിസ്റ്റുകളോ ഫാസിസ്റ്റുകളോ ആണെന്ന തോന്നലാണ് ഇതുളവാക്കിയിട്ടുള്ളത്. തല്ലുകൊണ്ടും കല്ലേറുകൊണ്ടും രക്തം വാര്‍ന്നൊലിക്കുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാക്കിയ വ്യഥ ഇന്നും തീരുന്നില്ല. ഇതുകൂടാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്കെതിരെ വധശ്രമത്തിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനൊക്കെ പിന്നിലാരാണെന്ന ചോദ്യം ഉയര്‍ന്നുവരവെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിതന്നെ ‘എന്തിനാണ് സമര’മെന്ന പരിഹാസവുമായി രംഗത്തുവന്നത്. പത്തു ദിവസംമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിളിപ്പാടകലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ സ്വന്തം സംഘടനാംഗത്തിനുനേര്‍ക്കുള്ള കുത്തിനെക്കുറിച്ചും അവിടെനിന്നും പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുക്കപ്പെട്ട സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളെക്കുറിച്ചുമൊക്കെ തീര്‍ത്തും അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ആരെയാണ് കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഭരിക്കുന്ന താനും തന്റെ പാര്‍ട്ടിക്കാരും യുവജനസംഘടനക്കാരുമൊക്കെ എങ്ങനെയൊക്കെയാണ് മുന്‍കാലത്ത് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ നയിച്ചിട്ടുള്ളതെന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും മലയാളിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. പഴയ പൊലീസല്ലിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം അക്ഷരം പ്രതി അച്ചട്ടായിരിക്കുന്നു!
ഇതൊക്കെ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ കാര്യമാണെങ്കില്‍ തങ്ങളൊത്ത് ഭരണം നടത്തുന്ന സി.പി.ഐക്കാരെതന്നെ ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് സംഘം തല്ലിച്ചതച്ചിരിക്കുകയാണ്. സി.പി.ഐയുടെ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനുതന്നെ കൈക്ക് മാരക പരിക്കേറ്റു. പൊലീസ് ഇപ്പോള്‍ ഭരിക്കുന്നത് ആര്‍ക്കുവേണ്ടി മാത്രമാണെന്ന് ഈ സംഭവവും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംശയിച്ചുപോകുന്നു. എറണാകുളം വൈപ്പിനടുത്ത ഞാറയ്ക്കല്‍ കോളജില്‍ സി.പി.ഐ വിദ്യാര്‍ത്ഥിവിഭാഗമായ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും ചേര്‍ന്ന് മര്‍ദിച്ചതിനെതിരെ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തിനെതിരായാണ് ഇന്നലെ കൊച്ചി റേഞ്ച് ഐ.ജി ഓഫീസിനുമുന്നിലേക്ക് സി.പി.ഐക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത്തരമൊരു മാര്‍ച്ച് നടത്തേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പുമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു. എന്നാല്‍ കിട്ടിയ നിധിയെന്ന കണക്കിലാണ് ഭരണകക്ഷിക്കാരെ പൊലീസ് സേന അടിച്ചുനിലംപരിശാക്കിക്കളഞ്ഞത്. സത്യത്തില്‍ സി.ഐയുടെ പക്ഷപാതപരമായ നിലപാടാണ് പ്രശ്‌നം വഷളാക്കിയത്. സി.ഐയുടെ നടപടിക്കെതിരെ അദ്ദേഹത്തിനെതിരെ ഭരണകക്ഷിക്കാര്‍ തന്നെ പരസ്പരം കൂടിയാലോചിച്ച് എടുക്കേണ്ട ശിക്ഷക്ക് പകരം പാവപ്പെട്ട പ്രവര്‍ത്തകരെ ബലിയാടാക്കിയത് എന്തുകൊണ്ടും ഉചിതമായില്ല. സ്വന്തം ഘടകക്ഷിക്കാര്‍തന്നെ സ്വന്തം ആഭ്യന്തരവകുപ്പിനുനേരെ സമരം നയിക്കേണ്ടിവരുന്നത് സംസ്ഥാനചരിത്രത്തില്‍തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസിന്റെ അടിയില്‍ കൈ എല്ലൊടിഞ്ഞ ഭരണകക്ഷിഎം.എല്‍.എയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ കൗതുകമുളവാക്കുന്ന സംഭവമായി. പൊലീസിനെതിരെ സാധാരണ കൊലപാതകക്കേസുകളിലും മറ്റും ഭരണകക്ഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ടെങ്കിലും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പേരില്‍ ഒരു ഘടകകക്ഷിക്ക് മറ്റൊരു ഘടകക്ഷിയുടെ വകുപ്പിനെതിരെ സമരം നടത്തുകയും അടിയേറ്റ് എല്ലൊടിയുകയും ചെയ്യേണ്ടിവരുന്നത് അത്യപൂര്‍വമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് റവന്യൂമന്ത്രി സി.പി.ഐയുടെ അതൃപ്തി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിച്ചത്രെ. സത്യത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭായോഗത്തില്‍നിന്ന് മുമ്പ് വിട്ടുനിന്നതുപോലുള്ള നടപടികള്‍ക്കാണ് സി.പി.ഐ നേതൃത്വം ചുണയുണ്ടെങ്കില്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്. ‘ഞങ്ങളുടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് ചോദിച്ചവരുടെ വായയും നാവും ഇപ്പോള്‍ അവരുടെ പൊലീസ്തന്നെ പിഴുതെടുക്കുന്നു. പ്രതിഷേധിക്കാന്‍പോയിട്ട് സംസാരിക്കാന്‍പോലും ആരും തയ്യാറാകരുതെന്ന ചിന്തയാവാം ഈ കാക്കിസേനയെ കയറൂരിവിട്ടുള്ള ഈ കസര്‍ത്തുകള്‍ക്കുപിന്നില്‍. ശാന്തരാകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സി.പി.ഐക്കാര്‍ പൊലീസിനെതിരെ രോഷം കൊണ്ടുവെന്നതിനുകാരണം പ്രത്യേകിച്ച് തിരയേണ്ടതില്ല. തുടര്‍ച്ചയായ കസ്റ്റഡി മരണങ്ങളടക്കം സി.പി.ഐ നേതൃത്വത്തിന്റെ പരസ്യമായ രോഷപ്രകടനത്തിന് കാരണമായിട്ടും അതൊക്കെ പുച്ഛിച്ചുതള്ളുകയായിരുന്നു പിണറായിയും എം.എം മണിയെ പോലുള്ള മന്ത്രിമാരും. ഇവരത്രെ നാടിനെയും സകല നാട്ടുകാരെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ജനാധിപത്യ ഭരണകര്‍ത്താക്കള്‍. പിണറായിഭരണം ഇ.എം.എസ് കാലത്തെ സെല്‍ഭരണത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതൊക്കെ തുറന്നുകാട്ടുന്നത്. അനീതിക്കെതിരെ ശബ്ദിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍പോലും ഉണ്ടാകരുതെന്ന് ശഠിക്കുന്ന സഖാക്കന്മാരുള്ളപ്പോള്‍ പിന്നെയെന്ത് പ്രതിപക്ഷം, ഭരണപക്ഷം ?