നൂറിലധികം മനുഷ്യജീവനുകള്‍ നഷ്ടമായ മറ്റൊരു ട്രെയിന്‍ ദുരന്തംകൂടി സംഭവിച്ചിരിക്കുന്നു. ചൂളംവിളിച്ചെത്തുന്ന ഇത്തരം ദുരന്തങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസം മാത്രമാണ്. ഓരോ തവണ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അപകട കാരണം അന്വേഷിക്കുന്നതിന് കമ്മീഷനുകളെ നിയോഗിക്കുകയെന്ന പതിവു നടപടികളുണ്ടാവും. ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുമ്പോള്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഫയലില്‍ പൊടിപിടിച്ചു കിടക്കാനുള്ള കടലാസ്സു തുണ്ടുകള്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്യും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന ഉത്തരവുകളാവട്ടെ, താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാരെ ബലിയാടാക്കുന്നതില്‍ മാത്രം അവസാനിക്കുകയാണ് പതിവ്.
പറ്റ്‌ന – ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപം പാളം തെറ്റിയാണ് ഇന്നലെ വന്‍ ദുരന്തമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ നടന്ന അപകടത്തില്‍ 200ലധികം പേര്‍ക്ക് പരിക്കേറ്റു. പകുതിയിലധികം പേരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. റെയില്‍പാളത്തിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമുള്ള കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ വാക്കുകള്‍ ഇത്തവണയെങ്കിലും പതിവു പല്ലവികളായി ഒതുങ്ങിപ്പോകാതിരിക്കട്ടെയെന്ന് ആശിക്കാം.
ഏറ്റവും വിസ്തൃതമായ റെയില്‍ നെറ്റ്‌വര്‍ക്കുള്ള രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭൂമിശാസ്ത്രപരമായ വിശാലത തന്നെയാണ് അതിനു കാരണം. ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യന്‍ റെയില്‍വേ ആശ്രയിക്കുന്നത്. അവരുടെ സുരക്ഷക്ക് റെയില്‍വേ എന്തു വില കല്‍പ്പിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ നിരാശ മാത്രമായിരിക്കും ഫലം. ആവര്‍ത്തിക്കപ്പെടുന്ന ട്രെയിന്‍ ദുരന്തങ്ങള്‍ മാത്രം മതി, യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണനക്ക് തെളിവായി. 2009 മുതല്‍ 2014 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ 650ലധികം ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ 300ഓളം അപകടങ്ങള്‍ പാളം തെറ്റലിനെതുടര്‍ന്നായിരുന്നു- മൊത്തം അപകടങ്ങളുടെ 46.6 ശതമാനം. 280ലധികം അപകടങ്ങള്‍ ആളില്ലാ ലെവല്‍ ക്രോസുകളില്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ളതായിരുന്നു. അഗ്നിബാധ, അട്ടിമറി തുടങ്ങിയ കാരണങ്ങളെതുടര്‍ന്നുള്ള അപകടങ്ങള്‍ 35ല്‍ താഴെ മാത്രമാണ്. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രവും.
കേരളത്തില്‍ സമീപ കാലത്തു നടന്ന രണ്ട് ട്രെയിന്‍ അപകടങ്ങളും സുരക്ഷ സംബന്ധിച്ച റെയില്‍വേ എഞ്ചിനീയര്‍മാരുടെ മുന്നറിയിപ്പും പരിശോധിക്കുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. കറുകുറ്റിയില്‍ യാത്രാവണ്ടിയും കരുനാഗപ്പള്ളിയില്‍ ചരക്കു വണ്ടിയും പാളം തെറ്റിയായിരുന്നു ഈ രണ്ട് അപകടങ്ങള്‍. കാര്യമായ ആളപായമുണ്ടായില്ല എന്നതില്‍ ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും റെയില്‍ യാത്രയുടെ സുരക്ഷ സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ 202 സ്ഥലത്ത് വിള്ളലുള്ളതായും പാളം മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ വന്‍ ദുരന്തം ഏതു നിമിഷവും സംഭവിച്ചേക്കാമെന്നുമാണ് റെയില്‍വേ എഞ്ചിനീയര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തിരുവനന്തപുരം- എറണാകുളം പാതയില്‍ 30 സ്ഥലങ്ങളില്‍ പാളത്തിന് ബലക്ഷയമുള്ളതായി മറ്റൊരു റിപ്പോര്‍ട്ടും റെയില്‍വേക്കു ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളിന്മേലൊന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ റെയില്‍വേ ട്രാക്കുകളുടെ സ്ഥിതിയും ഏതാണ്ട് സമാനമാണ്. ബലക്ഷയം വന്നതും വിള്ളല്‍ വീണതുമായ ട്രാക്കുകള്‍ മാറ്റി സ്ഥാപിച്ചെങ്കില്‍ മാത്രമേ സുരക്ഷിത യാത്രയൊരുക്കാന്‍ കഴിയൂവെന്ന് റെയില്‍വേക്ക് അറിയാഞ്ഞിട്ടല്ല. അതിനു വേണ്ടി വരുന്ന സാമ്പത്തിക മുതല്‍ മുടക്കിന് റെയില്‍വേ തയ്യാറാകുന്നില്ല എന്നതാണ് ചുരുക്കം. പരമാവധി സമയക്രമം പാലിച്ച് സര്‍വീസ് നടത്തുക എന്നതിനാണ് റെയില്‍വേ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കില്‍ മാത്രമേ കൂടുതല്‍ യാത്രക്കാര്‍ റെയില്‍വേ ആശ്രയിക്കൂവെന്നും കൂടുതല്‍ സാമ്പത്തിക ലാഭം കൊയ്യാനാകൂവെന്നുമുള്ള കണക്കുകൂട്ടലാണ് ഇതിന്റെ അടിസ്ഥാനം. യാത്രക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് അവിടെ പരിഗണന ലഭിക്കാതെ പോകുന്നു. ട്രെയിന്‍ അപകടങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ പോലും ഈയൊരു ലക്ഷ്യത്തിനു വേണ്ടി അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാരുടെ വീഴ്ചയോ, മഴയും ചുഴലിക്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളോ ആണ് അപകട കാരണങ്ങളായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ അവതരിപ്പിക്കാറ്. കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് കാരണമായി പറഞ്ഞത് ടൊര്‍ണാഡോ പ്രതിഭാസമായിരുന്നു. എന്നാല്‍ നേരിയ കാറ്റും ചെറിയ മഴയും മാത്രമാണ് പെരുമണ്‍ ദുരന്തം നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കിയ മൊഴി. രണ്ട് ലക്ഷ്യങ്ങള്‍ ഇത്തരത്തില്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നിലുണ്ട്. ഒന്ന് ട്രാക്ക് മാറ്റല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ചെലവിടേണ്ടി വരുന്നത് ഒഴിവാക്കുക. മറ്റൊന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകള്‍ മറച്ചുവെക്കുക. പക്ഷേ അതിനു ബലി നല്‍കേണ്ടി വരുന്നത് നിരപരാധികളായ നൂറു കണക്കിന് ജീവനുകളാണ്. അംഗഭംഗം വന്നും ഗുരുതരമായി പരിക്കേറ്റും ജീവിതകാലം തള്ളി നീക്കേണ്ടി വരുന്ന വലിയൊരു വിഭാഗത്തിന്റെ വേദനകള്‍ വേറെയും. ഓരോ മരണങ്ങളും തട്ടിയെടുക്കുന്നത് ഏതെങ്കിലുമൊരു തരത്തില്‍ അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളോ ആശ്രയത്വമോ ആണ് എന്നത് കണക്കിലെടുക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി പിന്നെയും വര്‍ധിക്കും.
ബജറ്റ് വിഹിതത്തിലെ കുറവാണ് റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാന വിലങ്ങുതടി എന്നിരിക്കെ, ഇനിയുള്ള വര്‍ഷങ്ങളില്‍ ആ സാഹചര്യം കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും. റെയില്‍വേക്കു മാത്രമായി നിലനിന്നിരുന്ന ബജറ്റ് നിര്‍ത്തലാക്കിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉള്‍പ്പെടെയുള്ള ഫണ്ട് വിഹിതത്തില്‍ വലിയ കുറവുണ്ടാകും. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കൈക്കൊണ്ട ആദ്യ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായിരുന്നു റെയില്‍ ബജറ്റ് നിര്‍ത്തലാക്കാനുള്ളത്. യാത്രക്കാരുടെ ജീവന് റെയില്‍വേ കല്‍പ്പിക്കുന്ന വില വീണ്ടും ഇടിയുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ലാഭമെന്ന കോര്‍പ്പറേറ്റ് തന്ത്രം മാത്രമായി പ്രവര്‍ത്തന മാനദണ്ഡം മാറുമ്പോള്‍, അടിസ്ഥാന സൗകര്യ വികസനവും സുരക്ഷയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുമ്പോള്‍ പുതിയ ദുരന്തങ്ങള്‍ ഇനിയും ചൂളം വിളിച്ചെത്തും. അത് ഒഴിവാക്കണമെങ്കില്‍ ട്രെയിന്‍ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും പരിഹാര മാര്‍ഗങ്ങളിലേക്കും റെയില്‍വേ കണ്ണു തുറക്കുക മാത്രമേ നിവൃത്തിയുള്ളൂ.