എന്നെ ചോദ്യംചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ’ ലൈഫ്മിഷന്‍ പദ്ധതിയില്‍ നടന്ന കമ്മീഷന്‍ ഇടപാടും ക്രമക്കേടുമായി ബന്ധപ്പെട്ട് കേരളത്തിലെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നതിനുമുമ്പുതന്നെ അതേ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടേതാണ് മേല്‍പരാമര്‍ശം. തിരുവനന്തപുരത്തെ കോവിഡ്കാല പതിവുവാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു പിണറായിവിജയന്റെ ഈ മറുപടി. ഇത്തരമൊരു മുഖ്യമന്ത്രിയിലും വിജിലന്‍സിലും സര്‍ക്കാരിലും ജനങ്ങള്‍ എന്താണ് ഇനി പ്രതീക്ഷിക്കേണ്ടതെന്നുകൂടി പിണറായി വിജയന്‍ വ്യക്തമാക്കണം. പതിറ്റാണ്ടുകളുടെ രാഷ്ട്രീയതഴക്കവും വഴക്കവും പഴക്കവുമൊക്കെ കൂടെയുള്ള ഒരു നേതാവില്‍നിന്നാണ് സ്വന്തം വകുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഈ ഉത്തരംലഭിച്ചത്. താന്‍ അകപ്പെട്ടിരിക്കുന്ന കുരുക്കില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമായേ ഇതിനെ കാണാന്‍കഴിയൂ.
ലൈഫ്മിഷന്‍ പദ്ധതിയിലേക്ക് യു.എ.ഇയില്‍നിന്ന് വാങ്ങിയ സംഭാവനയാണ് ഇപ്പോള്‍ വിവാദവിധേയമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ഔദ്യോഗികാംഗീകാരത്തോടും കൂടിയാണ് റെഡ്ക്രസന്റ് എന്ന സന്നദ്ധഏജന്‍സിയില്‍നിന്ന് പണംവാങ്ങാന്‍ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. ലൈഫ്മിഷന്റെ തൃശൂര്‍ വടക്കാഞ്ചേരിയിലെ പാവപ്പെട്ടവര്‍ക്കായുള്ള ഫഌറ്റുനിര്‍മാണത്തിനായാണ് 20 കോടി രൂപ കൈപ്പറ്റിയത്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് ഇതിന്മേല്‍ സ്വപ്‌നസുരേഷ് എന്ന പൊതുമേഖലാ ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയും അടക്കം ഇടനിലക്കാരായതും ഒരുമന്ത്രിയും ബന്ധപ്പെട്ടവരും ഇതിന്റെ ആനുകൂല്യം കൈപ്പറ്റിയതും. വടക്കാഞ്ചേരിയിലെ സാമാജികനായ അനില്‍അക്കരയാണ് വിഷയം പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെങ്ങും പ്രതിഷേധങ്ങളും സര്‍ക്കാര്‍ -സി.പി.എം വക ന്യായീകരണങ്ങളും നടന്നുവരവെയാണ് ലൈഫ്മിഷനിലെ കമ്മീഷനെപറ്റിയും പരാതി പൊന്തിവന്നത്. സര്‍ക്കാരും സി.പി.എമ്മിന്റെ ഉന്നതരുമായി അടുപ്പമുള്ള യൂണിടാക് ആണ് നിര്‍മാണകരാര്‍ ഏറ്റെടുത്തതെങ്കിലും ഇതുവഴി നാലരകോടിയോളം രൂപ ചിലര്‍ കമ്മീഷന്‍ പറ്റിയെന്ന ്തുറന്നുപറഞ്ഞത് സി.പി.എമ്മിന്റെ ഔദ്യോഗികചാനലും മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസുമാണ്. ഇത് തല്‍സമയംകേട്ട് സംഗതി ശരിയാണെന്ന് തലകുലുക്കി സമ്മതിച്ചയാളാണ ്‌സംസ്ഥാനധനമന്ത്രി ഡോ. തോമസ്‌ഐസക്. ഇക്കാര്യത്തില്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഖജനാവിനും പൊതുജനത്തിനും എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കപ്പെടേണ്ടത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഇതുവരെയും ചെയ്തുവന്നത് പാവപ്പെട്ടവരുടെ ഭവനപദ്ധതിയെ പ്രതിപക്ഷം തുരങ്കംവെക്കുന്നുവെന്ന ്പറഞ്ഞുമായിരുന്നു. എന്നാല്‍ നില്‍ക്കക്കള്ളിയില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ പരാതിയിന്മേല്‍ വിജിലന്‍സ് പ്രാഥമികാന്വേഷണംനടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇതിനിടെയാണ് ആവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തന്നെചോദ്യംചെയ്യരുതെന്ന ധ്വനിയില്‍ വിജിലന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തുകേസില്‍ ഏതന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണെന്നും ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെയെന്നും ആണയിട്ടുകൊണ്ടിരുന്ന മുഖ്യമന്ത്രി വെള്ളം കുടിക്കാനുള്ള ഘട്ടമെത്തിയപ്പോള്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ലളിതമായി പറഞ്ഞാല്‍ ജനവഞ്ചനയാണ്. ഇതുകേട്ട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ആളുകള്‍തന്നെ ഞെട്ടിത്തരിച്ചിരിക്കും. സര്‍ക്കാരിന്റെ ഉന്നതചുമതലയിലുള്ള ഒരുവ്യക്തി ഇങ്ങനെയാണ ്‌സര്‍ക്കാര്‍ഏജന്‍സികളുടെ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നതെങ്കില്‍ പിന്നെ ആയിരവും പതിനായിരവും കൈക്കൂലിവാങ്ങുന്ന സാദാസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് വിജിലന്‍സിനോട് പ്രതികരിക്കുക? മുമ്പ് നടിയെആക്രമിച്ചകേസിലും സമാനമായി മുന്‍ധാരണയോടെ പ്രതികരണം നടത്തിയയാളാണ് പിണറായി വിജയന്‍. കോട്ടയം വിജിലന്‍സ് എസ്.പി:ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രാഥമികാന്വേഷണം നടത്തുന്നത്. ലൈഫ്മിഷന്റെ അധ്യക്ഷന്‍കൂടിയാണ് വിജിലന്‍സിന്റെ ചരട് കയ്യിലുള്ള മുഖ്യമന്ത്രിയെന്നിരിക്കെ തന്നെ ചോദ്യം ചെയ്യാന്‍ വരരുതെന്ന് ഭീഷണിസ്വരത്തില്‍ പറയുന്നത് ജനാധിപത്യത്തിന്റെ നിരാസവും സാമാന്യബോധ്യത്തിന് നിരക്കാത്തതുമാണ്. ഏത് വിദേശ രാജ്യത്തുനിന്നും സഹായം സ്വീകരിക്കണമെങ്കില്‍ നിലവിലെ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഈസാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയിലേക്കും ലൈഫ് മിഷന്റെ വൈസ് പ്രസിഡന്റ്കൂടിയായ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി മൊയ്തീനിലേക്കും വരെ നീളാനുള്ള സാധ്യതയാണ്. സര്‍ക്കാരുമായി ഏറെ അടുപ്പമുള്ളയാളാണ് വിജിലന്‍സിന്റെ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനെന്നതുതന്നെ ചിലതെല്ലാം ഒളിക്കാനും എത്തേണ്ട പരിധിനിശ്ചയിക്കാനും ഇതിനകം സര്‍ക്കാര്‍തലത്തില്‍ ഗൂഢാലോചന നടന്നതായി സംശയിക്കപ്പെടുന്നുണ്ട്. മുമ്പ് സോളാര്‍ വിവാദകാലത്ത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമ്പോള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാടുമുഴുക്കെ ഉറക്കമിളച്ച് സമരകോലാഹലം നടത്തിയവരുടെ തലവനാണ് പിണറായി വിജയന്‍. അന്നോ അതിനുശേഷം നാലരവര്‍ഷക്കാലമോ തരിമ്പുപോലും അതില്‍ കേസെടുക്കാനുള്ള വകകിട്ടാത്ത സാഹചര്യത്തില്‍ തെറ്റ് ഏറ്റുപറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പിണറായി. പൊലീസിന് ഹെലികോപറ്റര്‍ വാടകയിനത്തില്‍ പത്തുമാസത്തിന് 10.2 കോടി രൂപ ഖജനാവില്‍നിന്ന് എടുത്ത് കൊടുത്തവരുടെ തലവനാണ് പിണറായി വിജയനെന്ന് ആലോചിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം കാട്ടുന്ന ഈര്‍ഷ്യയും അസഹിഷ്ണുതയും പരിഹാസമായി മാറുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പരിഹാസപാത്രമാകുന്നത് സാമാന്യബോധമുള്ള മലയാളിക്ക് നാണക്കേടാണെന്നെങ്കിലും അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിവൃന്ദങ്ങളും ശ്രദ്ധിക്കണം. തന്റെകാലത്ത് വിജിലന്‍സിനെ ‘കൂട്ടിലിട്ട തത്തയാക്കില്ലെ’ ന്ന് നിയമസഭയില്‍ അട്ടഹസിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ലൈഫ്മിഷനിലെ അന്വേഷണം നീണ്ടുവരുമ്പോള്‍ എന്തിനാണിത്ര വെപ്രാളം കാട്ടുന്നത്. വിജിലന്‍സ്തലപ്പത്ത് പിണറായി കുടിയിരുത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഗതിയെന്തായെന്ന് ആര്‍ക്കും പറഞ്ഞ്‌കൊടുക്കേണ്ടതില്ല. ഈ ഘട്ടത്തില്‍ വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാതിരിക്കലാണ് ജനങ്ങളോട് പറയുന്ന വാക്കുകള്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ പിണറായിവിജയന്‍ ചെയ്തുകാണിക്കേണ്ടത്.