മഹാരാഷ്ട്രസ്വദേശിയും ഇന്ത്യയുടെ മുന്‍നാവികോദ്യോഗസ്ഥനുമായ നാല്‍പത്തേഴുകാരന്‍ കുല്‍ഭൂഷന്‍ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്താന്‍ തടവിലാക്കിയിട്ട് ഒന്നരവര്‍ഷം പിന്നിടുകയാണ്. വിഷയത്തില്‍ ഇതിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വാനോളം വാദപ്രതിവാദങ്ങള്‍ അരങ്ങേറിവരവെയാണ് പുതിയൊരു വിവാദത്തിലേക്ക് പ്രശ്‌നം വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. കുല്‍ഭൂഷന്റെ കുടുംബത്തെ അദ്ദേഹത്തെ കാണാന്‍ അനുവദിച്ച പാക്‌നടപടി ഏറെ പ്രശംസിക്കപ്പെടേണ്ടിയിരുന്ന, തികച്ചും അന്താരാഷ്ട്രപരമായി നേട്ടമുണ്ടാക്കേണ്ടിയിരുന്ന പശ്ചാത്തലത്തില്‍, അതീവരമ്യമായും സന്തോഷകരമായും പരിസമാപിക്കേണ്ട കൂടിക്കാഴ്ചയെ അവഹേളിതമായ തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് തള്ളിവിട്ടതിന് പാക്കിസ്താന്‍ ഭരണാധികാരികളുടെ അജ്ഞതയും ധിക്കാരവുംതന്നെയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

കുല്‍ഭൂഷന്റെ മാതാവ് അവന്തിജാദവ്, ഭാര്യ ചേതനകുല്‍ എന്നിവര്‍ക്കാണ് കഴിഞ്ഞയാഴ്ച ഏറെ നയതന്ത്രനീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ സന്ദര്‍ശനാനുമതി ലഭിച്ചത്. അപ്രകാരം ചൊവ്വാഴ്ച ഇസ്്‌ലാമബാദില്‍ ചെന്ന വന്ദ്യവയോധികക്കും യുവതിക്കും ലഭിച്ചത് തികച്ചും അവമതിപ്പുണ്ടാക്കുന്ന സ്വീകരണമായിരുന്നു. അതാകട്ടെ ഒരുരാജ്യത്തിന്റെ നയതന്ത്രപരവും അന്താരാഷ്ട്രപരവുമായ സീമകള്‍ക്കും മര്യാദകള്‍ക്കും തികച്ചും അന്യവും. എഴുപതുകാരിയായ മാതാവിനെ അവരുടെ മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നതാണ് ഒന്നാമത്തെ ആതിഥ്യമര്യാദകേട്. രണ്ടാമതായി അവരോട് അപമര്യാദകരമായ രീതിയിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി. മൂന്നാമതായി, മാതാവിനോടും ഭാര്യയോടും വസ്ത്രംമാറാനും ഭാര്യയുടെ താലിയും തിലകവും പാദരക്ഷയും അഴിച്ചുമാറ്റാനും നിര്‍ബന്ധിച്ചു. ഇതിനെല്ലാം വിധേയമാക്കിയ ശേഷം തങ്ങളുടെ ഇഷ്ടഭാജനത്തെ കാണാന്‍ ചില്ലുമറയുടെ തടസ്സം ഇരുകൂട്ടര്‍ക്കുമിടയില്‍ സ്ഥാപിക്കാനും പാക്ഭരണകൂടം തയ്യാറായി. ആദ്യാവസരത്തില്‍ ഇന്ത്യയുടെ ഡെപ്യൂട്ടികമ്മീഷണറെ കൂടെചെല്ലാന്‍ പോലും അനുവദിക്കാതിരുന്ന പാക്ഉദ്യോഗസ്ഥര്‍ ചുറ്റിലും ചാരക്കണ്ണുകളായാണ് നിലയുറപ്പിച്ചത്. ഒരു അയല്‍രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു തടവുകാരനെ അയാളെന്ത് കുറ്റം ചെയ്തതായാലും ഇത്തരത്തിലുള്ള രീതിയില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്ന് ഊഹിക്കുന്നത് ഏറെ അവസരോചിതമായിരിക്കും.

കലുഷിതമായ പാക്പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനില്‍ ഇന്ത്യന്‍രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ക്കുവേണ്ടി ചാരപ്പണി നടത്തവെയാണ് കുല്‍ഭൂഷനെ പാക് രഹസ്യാന്വേഷണ സേന പിടികൂടിയതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയും പാക്കിസ്താനും തമ്മിലും മിക്കവാറും രാജ്യങ്ങള്‍ തമ്മിലും പരസ്പരമുള്ള ചാരവൃത്തിക്കേസുകളും തടവിലാക്കലും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ കുല്‍ഭൂഷന്‍ ഇറാനില്‍ വെച്ചാണ് പാക് പൊലീസിന്റെ പിടിയിലായതെന്നാണ് ഇന്ത്യയുടെ വാദം. ഇദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ പാക് സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും അതിശക്തമായ നയതന്ത്ര ഇടപെടലിലൂടെയാണ് അത് റദ്ദാക്കിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. പാക്കിസ്താന്റെ കാര്യത്തില്‍ മൂന്നാമതൊരു മാധ്യസ്ഥനെ വേണ്ടെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റിവെച്ചുകൊണ്ട്് ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ അന്താരാഷ്ട്രനീതിന്യായ കോടതിയെ സമീപിക്കാന്‍ വരെ നാം തയ്യാറായി. അവരുടെ ഐകകണ്‌ഠേനയുള്ള ഇടപെടലിലൂടെയാണ് കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

എങ്കിലും പാക് സൈനികഭരണകൂടം ഇതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ലെന്നാണ് അവരുടെ തുടര്‍ച്ചയായ പ്രസ്താവനകളിലുടെയും കഴിഞ്ഞ ദിവസത്തെ നടപടിയിലൂടെയും വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.കുല്‍ഭൂഷനെ തികച്ചും അവശനായാണ് മാതാവിനും ഭാര്യക്കും ദര്‍ശിക്കാനായത്. അവര്‍ തമ്മില്‍ സംസാരിക്കുന്ന ചിത്രത്തില്‍നിന്നുതന്നെ കുല്‍ഭൂഷന്റെ ശാരീരികാവശതകള്‍ വ്യക്തമാണ്. ഇത്തരമൊരു കേസിലെ പ്രതിയോട് പാക് ഭരണകൂടം കാട്ടുന്ന നീതിയുടെ രീതി പ്രത്യേകിച്ച് പരാമര്‍ശം അര്‍ഹിക്കുന്നില്ലെങ്കിലും ലോകം ശ്രദ്ധിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ വഷളത്തരം പുറംലോകത്തേക്ക് കുറേക്കൂടി തെളിഞ്ഞു പ്രസരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഏതൊരു രാജ്യത്തിനും അതിലെ ജനതതിക്കും അവരുടേതായ അഭിമാനബോധവും ആത്മവിശ്വാസവും ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ചാരവൃത്തിക്കേസില്‍ പിടികൂടപ്പെട്ടയാളോടുള്ള പാക് ജനതയുടെ വികാരത്തിന് തുല്യംതന്നെയാണ് അയാളുടെ കുടുംബത്തിന്റെയും ഇന്ത്യയുടെയും ഇക്കാര്യത്തിലുള്ള അഭിമാനമെന്നത് പാക് ഉദ്യോഗസ്ഥര്‍ മറന്നുപോകരുതായിരുന്നു. ഒരു അയല്‍രാജ്യക്കാരനെന്നതിലുപരി ഒരു മനുഷ്യനെന്ന രീതിയിലായിരുന്നു പാക് ഭരണകൂടം പ്രത്യേകിച്ച് വിദേശകാര്യഉദ്യോഗസ്ഥവൃന്ദം കുല്‍ഭൂഷന്റെ കുടുംബത്തോട് പെരുമാറേണ്ടിയിരുന്നത്. അതിനുപകരം നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഉറപ്പുകള്‍പോലും ലംഘിച്ച് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്ക് തീര്‍ത്തും വ്രണിതഹൃദയരായ വനിതകളെ ഇറക്കിവിട്ടുകൊടുത്തത് പാക്കിസ്താന്റേതെന്നല്ല, സംസ്‌കാരസമ്പന്നരായ ഒരുമനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.

സ്വാതന്ത്ര്യകാലം മുതല്‍ വെള്ളക്കാര്‍ ഇട്ടേച്ചുപോയ വെറുപ്പിന്റെയും വിഘടനവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം ഇനിയും ഇറക്കിവെക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇനിയും ആയിട്ടില്ല. ഇതിന് കാരണം പാക്കിസ്താനിലെ താരതമ്യേന സ്വാധീനമുള്ള പട്ടാളഭരണകൂടവും അവരുടെ പാവഭരണാധികാരികളുമാണ്. കാശ്മീരിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ പരമാവധി വീര്‍പ്പിക്കാന്‍ സൈനികരെയും തീവ്രവാദികളെയും അതിര്‍ത്തിക്കുള്ളിലേക്ക് ആട്ടിവിടുന്നത് പാക് ഭരണകൂടത്തിന്റെ അലിഖിത നയമായിട്ട് കൊല്ലങ്ങളായി.

നിത്യേന ഇതിന്റെ പേരില്‍ ഇരുഭാഗത്തും കൊലചെയ്യപ്പെടുന്നത് രണ്ടുരാജ്യങ്ങളുടെ സൈനികരാണെങ്കിലും ഇവരെല്ലാം സാമാന്യമായി മജ്ജയും ലജ്ജയുമുള്ള മനുഷ്യരാണെന്ന സത്യമാണ് എല്ലാവരും മറന്നുപോകുന്നത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ അമേരിക്കയും ആയുധക്കച്ചവടക്കാരും പുറകിലും. നൂറ്റാണ്ടുകളായി ഒരേ ഭൂപ്രകൃതിയും സംസ്‌കാരവും കലാസാഹിത്യവാസനകളുമൊക്കെ കൊണ്ടുനടക്കുന്ന ജനതയെ കേവലതാല്‍പര്യങ്ങളുടെ പേരില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭിന്നിപ്പിച്ചുനിര്‍ത്താനുള്ള നിഗൂഢനീക്കങ്ങളെ കരുതലോടെ കാണുകയാണ് ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കര്‍ത്തവ്യം. അതില്‍ സംഭവിക്കുന്ന പിഴവുകളാണ് കുല്‍ഭൂഷന്‍ അധ്യായത്തിലും നാംകണ്ടുകൊണ്ടിരിക്കുന്നത്.