സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ദുഷ്‌ക്കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര പരിഹാര ഇടപെടലുകള്‍ അനിവാര്യമാവുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിലസുമ്പോള്‍ പൊലീസ് സത്വര പരിഹാര നടപടികള്‍ക്ക് മുതിരുന്നില്ല എന്ന പരാതി വ്യാപകമാവുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുകയാണ് പലരും. ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വലിയ ആക്രമണുണ്ടായി. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. രാത്രിയുടെ മറവില്‍ ഒരു സംഘം ചെയ്ത അതിക്രമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി വരവെയാണ് കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. നഗര മധ്യത്തിലുള്ള ഒരു ലോഡ്ജില്‍ ലഹരി ഗുളിക കഴിച്ച് അവശനായി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വേളയിലാണ് മലയാള മനോരമ ലേഖകന്‍ ആക്രമിക്കപ്പെട്ടത്. ലഹരി മാഫിയകളുമായി അടുത്ത ബന്ധമുള്ളവരാണ് ആക്രമണത്തിന് പിറകിലുണ്ടായിരുന്നത്. ഇവരെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പൊലീസ്‌ന് കാട്ടി കൊടുത്തപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാവുന്ന ചെറിയ വകുപ്പുകളിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

മര്‍ദ്ദനമേറ്റ മാധ്യമ പ്രവര്‍ത്തകന്‍ ആസ്പത്രിയില്‍ ഗുരുതര നിലയില്‍ കഴിയവെയാണ് പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഒരു വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരി വേട്ട കര്‍ക്കശമായി നടത്തുമ്പോള്‍ പൊലീസ് സേനക്ക് തന്നെ അപമാനമാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുമുണ്ട്. ലഹരി മാഫിയക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മാധ്യമ പ്രവര്‍ത്തകന് നേരെ മാരകമായാണ് ലഹരി മാഫിയ ആക്രമണം നടത്തിയത്. നാഭിക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും ചെറിയ വകുപ്പുകള്‍ മാത്രം പ്രതികള്‍ക്ക് നേരെ ചുമത്തിയതിലുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടിട്ടും വകുപ്പുകള്‍ മാറ്റാന്‍ കഴിയില്ല എന്ന നിലപാടാണ് പൊലീസിന്.
ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടത് മുതല്‍ സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന തരത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമ ലോകത്തിന്റെ ആശങ്ക അകറ്റേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുകള്‍ വേണം. ഗൗരി ലങ്കേഷിനെ അക്രമികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ശക്തമായ അന്വേഷണം ആരംഭിച്ചിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു എന്നതിലപ്പുറം ശക്തമായ നടപടികള്‍ ആയിട്ടില്ല. ഇന്നലെ ദേശ വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സമരങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു. ഗാന്ധി മുതല്‍ ഗൗരി വരെ എന്ന് ആഹ്വാനവുമായി നടത്തിയ സമരത്തില്‍ പങ്കെടുത്തവരും സമരത്തിന് നേതൃത്വം നല്‍കിയവരും ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെ ശക്തമായി ശബ്ദിച്ചപ്പോള്‍ ഭരണകൂടങ്ങള്‍ പലതും കണ്ടില്ലെന്ന് നടിക്കുകയാണ്.മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് പറയുന്നവര്‍ തന്നെ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതാണ് വിരോധാഭാസം. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് എന്‍.ഡി.ടി.വി ഉള്‍പ്പെടെയുളള മുഖ്യധാരാ ചാനലുകള്‍ക്കെതിരെ നടപടികള്‍ വന്നത്. പല ഉന്നത മാധ്യമ പ്രവര്‍ത്തകരെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലേക്ക് ഭരണകൂടം മാറിയതും ഈയിടെ എല്ലാവരും കണ്ടതാണ്. ഗൗരി ലങ്കേഷും ത്രിപുരയില്‍ ശന്താനുവുമെല്ലാം രക്തിസാക്ഷികളായത് വാര്‍ത്തകളുടെ പേരിലാണ്. കേരളത്തിലും ഇത്തരത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാവു.
സര്‍ക്കാര്‍ നിഷ്പക്ഷമായി ഈ വിഷയത്തില്‍ നീങ്ങണം. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇവിടെ മാധ്യമ പ്രവര്‍ത്തനമെന്നത് തികച്ചും സ്വതന്ത്രമാണ്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിയമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ആ വഴികളിലൂടെ സഞ്ചരിക്കാതെ വാര്‍ത്തകള്‍ക്ക് നേരെ കോപം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ അടിപിടി കേസുകളില്‍ പോലും 307, 308 വകുപ്പുകളില്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്ന പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചെറിയ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് രജിസ്ട്രര്‍ ചെയ്തതും നീതീകരിക്കാനാവില്ല.
ഭരണകൂടവും മാധ്യമങ്ങളും ജനാധിപത്യ സംസ്‌ക്കാരത്തിന്റെ അടിത്തറയാണെന്ന സത്യം മനസ്സിലാക്കി തന്നെ പൊലീസും പ്രവര്‍ത്തിക്കണം. ന്യായമായ നിയമ സംരക്ഷണം എല്ലാവര്‍ക്കും ലഭിക്കുമെന്ന് പൊലീസാണ് ഉറപ്പ് വരുത്തേണ്ടത്. ആലപ്പുഴയിലും കോഴിക്കോട്ടുമെല്ലാമുണ്ടായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവതരത്തില്‍ കാണുമ്പോള്‍ മാത്രമാണ് പൊലീസിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുക. ഈ കാര്യത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഗൗരവത്തില്‍ കാണുകയും വേണം.