മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നതില്‍ കേരളജനതക്കിടയില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍പോലും അമര്‍ഷം ശക്തമാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആ വകുപ്പ് അന്വേഷണം നടത്തിയതും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജില്ലാ ഭരണാധികാരി റിപ്പോര്‍ട്ട് നല്‍കിയതും. കലക്ടറുടെ റിപ്പോര്‍ട്ട് സി.പി.ഐക്കാരനായ മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ക്രിമിനല്‍ കേസെടുക്കേണ്ട ക്രമരഹിത പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുന്നു. എന്നാല്‍ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഗുരുതരമായ തെറ്റുണ്ടായി എന്ന് മറ്റൊരംഗം ചൂണ്ടിക്കാട്ടുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ എടുക്കേണ്ട നടപടി പിണറായി വിജയനില്‍ നിന്നുണ്ടായില്ല.

മറിച്ച് ആരോപണവിധേയനായ മന്ത്രിയെ കസേരയില്‍ തുടരുന്നതിന് കാലാവധി നീട്ടിക്കൊടുക്കുന്നതിനുള്ള ‘നിയമോപദേശം’ തേടാന്‍ ഹൈക്കോടതിയിലെത്തി. ഈ കേസില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലി അഡ്വക്കേറ്റ് ജനറലും റവന്യൂ വകുപ്പ് മന്ത്രിയും പരസ്യമായി ഏറ്റുമുട്ടുന്ന സ്ഥിതിയും വന്നു. ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണോ, അതോ ആ സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കേറ്റ് ജനറലാണോ- അത് ഭരണഘടനാ സ്ഥാപനമാണെങ്കില്‍ കൂടി- തീരുമാനമെടുക്കേണ്ടതെന്ന ചോദ്യമുയരുന്ന സ്ഥിതിവന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തും എ.ജിയായിരുന്ന വ്യക്തിയെ തന്നെയാണ് ഇപ്പോഴും ഇടതുമുന്നണി നിയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ ടേമില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യം ഇപ്പോള്‍ ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രസ്താവനകള്‍ വന്നു. തറവാട്ടുസ്വത്തെന്ന പ്രയോഗം വരെയുണ്ടായി. എം.ജിക്ക് അക്കമിട്ട് മന്ത്രി മറുപടി പറയുന്ന കാഴ്ച പിറ്റേന്ന് കാണുന്നു.

ഇത്രയൊക്കെ വിവാദങ്ങളിലേക്ക് കടക്കേണ്ട സാഹചര്യം എ.ജിക്കോ, റവന്യു വകുപ്പിനോ, മന്ത്രിക്കോ ഉണ്ടായിരുന്നില്ല. മന്ത്രി നല്‍കിയ കത്ത് എ.ജിക്ക് അംഗീകരിക്കാമായിരുന്നു. നിരന്തരം റവന്യു കേസുകളില്‍ ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ തന്നെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ കേസിലും നിയോഗിക്കാമായിരുന്നു. അല്ലെങ്കില്‍ ഭരണഘടനാ സ്ഥാപനമായ എ.ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ മന്ത്രിക്ക് മാന്യത പുലര്‍ത്താമായിരുന്നു. ഇത് രണ്ടുമുണ്ടായില്ല. മാത്രമല്ല വിഷയം പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഇരുകൂട്ടരും വല്ലാതെ തിടുക്കം കാട്ടുകയും ചെയ്തു. ഇടതുസര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നതുപോലെ അഴിമതിക്കെതിരായ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന വിളംബരം കൂടിയാണ് ഇപ്പോഴത്തെ വിവാദം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ, തണ്ണീര്‍ത്തട നിയമം ലംഘിച്ച് കായല്‍ മണ്ണിട്ട് റിസോര്‍ട്ട് പണിത ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കെ അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നതിലെ നാണക്കേട് മറക്കാന്‍ ഇപ്പോഴത്തെ വിവാദം കൊണ്ട് സാധിക്കില്ല. മറിച്ച് തങ്ങളുടെ കൂറ് ആരോടെന്ന് വ്യക്തമാക്കുകയാണ് ഇടതുസര്‍ക്കാര്‍. സര്‍ക്കാരെന്നാല്‍ സി.പി.എം എന്ന നിലയിലേക്ക് ചുരുക്കെഴുത്ത് നടക്കുന്നുമുണ്ട്.

ഇതിന് മുമ്പ് ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി.പി.എം-സി.പി.ഐ തര്‍ക്കം ഏകപക്ഷീയമായി ആണ് അവസാനിച്ചിട്ടുള്ളത്. ഇപ്പോഴത്തേതിന്റെയും പരിസമാപ്തി ഏറെക്കുറെ അങ്ങനെയൊക്കെതന്നെ ആകുകയും ചെയ്യും. കേരളം ഒറ്റക്ക് ഭരിച്ച ഒരു കക്ഷിയേ ഉള്ളൂ. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ എന്ന് സി.പി.എം പറയുമെങ്കിലും കേരളം ഒറ്റക്ക് ഭരിച്ച പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന സ്ഥിതി അതിദയനീയമാണ്. 19 എം.എല്‍.എമാരും നാല് മന്ത്രിമാരുമുള്ള ഇടതുമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി സര്‍ക്കാര്‍ നിയമിച്ച അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ കീഴടങ്ങിനില്‍ക്കുന്ന അപഹാസ്യമായ കാഴ്ചയാണ് ഇപ്പോഴുള്ളത്. സി.പി.ഐ പുലര്‍ത്തുന്ന രാഷ്ട്രീയ വിധേയത്വം അവസാനിക്കുമെന്നോ, സി.പി.എം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാസ്ഥിത്വം വകവെച്ചുനല്‍കുമെന്നോ ആരും കരുതുന്നില്ല. ഒരു മുന്നണിയില്‍ തുടരുമ്പോള്‍ തന്നെ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശവുമുണ്ട്. ആശയപരമായ വിയോജിപ്പുകള്‍ ഇരുപാര്‍ട്ടികളും വ്യക്തമാക്കുന്നതിലും അസ്വഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് മുന്നണി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മന്ത്രിമാര്‍ വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ജനാധിപത്യത്തെ സംബന്ധിച്ച് ജീവവായുവാണ്. ഒരു മന്ത്രിസഭക്ക് തുടരാനുള്ള അര്‍ഹത നിശ്ചയിക്കുന്നതില്‍ പ്രഥമമാണത്. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം സമ്പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. അപ്രമാദിത്വം കൊണ്ട് അപഹസിക്കാന്‍ ജനാധിപത്യത്തെ കരുവാക്കുന്നത് ജനാധിപത്യത്തെ തന്നെ നിഷേധിക്കലാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.