Connect with us

Video Stories

ഗുജറാത്തിലെ നാടകം നാടിനാകെ അപമാനം

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ നെറികെട്ട രാഷ്ട്രീയ നാടകത്തിന്റെ നാണക്കേടിലാണ് രാജ്യമിപ്പോള്‍. ഒഴിവുവന്ന ഗുജറാത്തിലെ മൂന്ന് രാജ്യസഭാസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതും അവരുടെ തലമുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ചതുമായ ഒരേയൊരു സീറ്റിനെ വൈരനിര്യാതന ബുദ്ധിയും കുതിരക്കച്ചവടവും കൊണ്ട് തര്‍ക്ക വിഷയമാക്കിയിരിക്കുകയാണ് കേന്ദ്ര ഭരണകക്ഷി. കോണ്‍ഗ്രസ് എം.എല്‍.എമാരെ ലോഭ മോഹങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മൂന്നാമത്തെ സീറ്റും അടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തിയ കരുനീക്കത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇതിന് സമാനതകളുമില്ല. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.മാരില്‍ ചിലര്‍ വോട്ടുചെയ്തശേഷം ബാലറ്റ്‌പേപ്പര്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്റെ തീരുമാനം നിര്‍ണായകമായിരിക്കുകയാണ്. ജനാധിപത്യത്തെ എത്ര ഹീനമായി അവഹേളിക്കാമെന്നാണ് കേന്ദ്ര മന്ത്രിമാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനുമേലുള്ള അധികാര ദുര്‍വിനിയോഗം വ്യക്തമാക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ സ്വന്തം ആളുകളെ കയറ്റിയിരുത്തിയ മോദി-അമിത്ഷാ നേതൃത്വത്തിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏതറ്റംവരെ പോകുമെന്നതിന്റെ ഉത്തമോദാഹരണംകൂടിയാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ രാജ്യം ദര്‍ശിച്ചത്. ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യവുമായി അധികാരത്തിലിരിക്കുന്ന തീവ്ര വര്‍ഗീയ കക്ഷിയായ ബി.ജെ.പിയുടെ അതിമോഹങ്ങളിലൊന്നാണ് പ്രതിപക്ഷമുക്ത ഭാരതമെന്ന് ഓരോദിവസം ചെല്ലുന്തോറും വ്യക്തമാകുകയാണ്. സഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത് കഴിഞ്ഞ ദിവസമാണ്. സ്വന്തമായി ഭൂരിപക്ഷം നേടുകയാണ് ഇനിയുള്ള പണി. ഭരണത്തില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഉപരിസഭയില്‍ പ്രതിപക്ഷത്തിനാണ് ഇപ്പോഴും മുന്‍തൂക്കമെന്നതിനാല്‍ പലപ്പോഴും ബില്ലുകള്‍ ഇംഗിതാനുസരണം പാസാക്കാനാകാതെ വരുന്നു. അതിലേക്കുള്ള ചവിട്ടുപടിയായി ജനാധിപത്യ സംവിധാനത്തെ ദുരുപയോഗിക്കുകയായിരുന്നു ഈ ഹിന്ദുത്വ കക്ഷി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നീക്കങ്ങളിലൂടെ ചെയ്തത്. കഴിഞ്ഞവര്‍ഷം ഹരിയാനയിലും സമാനമായ നീക്കമാണ് നടത്തിയിരുന്നത്.
ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേല്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിനെതുടര്‍ന്നാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും നാലുതവണ രാജ്യസഭയിലേക്കും ജയിച്ചുവന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഗുജറാത്തിലെ ഭറൂച്ച് സ്വദേശിയായ അഹമ്മദ്പട്ടേല്‍. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററികാര്യസെക്രട്ടറിയായിരുന്ന ഈ അറുപത്തേഴുകാരന്‍ കോണ്‍ഗ്രസിന്റെ 2004ലെയും 2009ലെയും ദേശീയവിജയത്തിന് ചുക്കാനേന്തിയവരില്‍ പ്രമുഖന്‍. ഗുലാംനബി ആസാദ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുസ്്‌ലിം നേതൃത്വത്തിലെ സൗമ്യമുഖം. അധികമൊന്നും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തവ്യക്തിത്വം. ജനാധിപത്യമര്യാദയനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സാധാരണഗതിയില്‍ പട്ടേലിന് സുഗമമായി ജയിച്ചുവരാവുന്ന സീറ്റാണ് ബി.ജെ.പി അതിന്റെ ഭരണ-സാമ്പത്തിക സ്വാധീനമുപയോഗിച്ച് പ്രതിസന്ധിയുടെ മുള്‍മുനയിലാക്കിയത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിലെ ആറുപേരുടെ രാജിയെത്തുടര്‍ന്നുള്ള 176ല്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിലെ 51 എം.എല്‍.എമാരില്‍ ആറുപേരെ സഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയെ കോണ്‍ഗ്രസില്‍ നിന്നും രാജിവെപ്പിച്ച മോദിയുടെയും അമിത്ഷായുടെയും തന്ത്രം ഏതുവിധേനയും പട്ടേലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രഹരിക്കുക എന്നതിലപ്പുറമൊന്നുമല്ലായിരുന്നു. ഇതിലൂടെ നിറവേറ്റിയത് ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേഡര്‍മാരുടെ ആത്മവീര്യം തകര്‍ക്കുകയും. 45 വീതം വോട്ടുനേടി മൊത്തം മൂന്ന് രാജ്യസഭാംഗങ്ങള്‍ക്ക് ജയിക്കാന്‍ മാത്രമുള്ള എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളതെങ്കിലും ബി.ജെ.പി മാത്രം മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിന്റെ പിന്നില്‍ മറ്റൊന്നുമായിരുന്നില്ല; കുളംകലക്കി മീന്‍പിടിക്കല്‍. ഈ കുതന്ത്രം മണത്തതിനെതുടര്‍ന്നാണ് ബാക്കിയുള്ള 44 എം.എല്‍.എമാരെയും കൊണ്ട് കോണ്‍ഗ്രസിന് കര്‍ണാടകയിലേക്ക് പോകേണ്ടിവന്നത്.ബി.ജെ.പി ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്ഥനുമായ അമിത്ഷായെ രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചത് പട്ടേലിനെ വെട്ടാനാണെന്ന് ഉറപ്പായിരുന്നു. രണ്ടാമത്തെയാള്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയാണ്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണ് മൂന്നാമതായി രംഗത്തിറക്കിയത്.
മുന്‍ഗണനാവോട്ടിങ് രീതി അനുസരിച്ച് രാജ്പുത്തിന്റെ വിജയം സുനിശ്ചിതമല്ലെന്ന് ഉറപ്പായപ്പോഴാണ് പണച്ചാക്കുകളുമായി കേന്ദ്ര-സംസ്ഥാന ഭരണകക്ഷി ഇവിടെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സാമാജികര്‍ക്ക് 15 കോടി വീതം നല്‍കുകയാണ് അഴിമതിക്കെതിരെ വീറോടെ പ്രസംഗിക്കുന്ന മോദിയുടെ പാര്‍ട്ടി ചെയ്തതെന്ന വാര്‍ത്തകള്‍ ശക്തമാണ്. ബീഹാറില്‍ രണ്ടാഴ്ച മുമ്പ് ഒരു സര്‍ക്കാരിനെ മറിച്ചിട്ടശേഷമായിരുന്നു ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ചമച്ചത്. വോട്ടുകച്ചവടത്തിന്റെ പുതിയ മേഖലകളാണ് ബി.ജെ.പി ഇതിലൂടെ രാജ്യത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.
നരേന്ദ്രമോദിയുടെ പതിനൊന്നുകൊല്ലത്തെ തുടര്‍ഭരണകാലത്ത് ഉണ്ടാക്കിയതെന്നുപറയുന്ന കൊട്ടിഘോഷിക്കപ്പെട്ട വരേണ്യവികസനവും ജനത്തെ ഭിന്നിപ്പിക്കലും സംസ്ഥാനത്ത് പാര്‍ട്ടിയെ തിരിച്ചടിക്കുകയാണിപ്പോള്‍. സംസ്ഥാനത്തെ പട്ടേല്‍, ജാട്ട് വിഭാഗങ്ങളാകെ ഇന്ന് അവിടെ ബി.ജെ.പിക്കെതിരാണ്. ആദ്യ രണ്ടു വര്‍ഷംകൊണ്ടുതന്നെ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്ന പാര്‍ട്ടിക്ക് പുതിയ മുഖ്യമന്ത്രിയിലും വിശ്വാസമില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ 60 സീറ്റിലപ്പുറം കിട്ടില്ലെന്ന് ആര്‍.എസ്.എസ് തന്നെ വിലയിരുത്തിയിരിക്കുന്നു. അപ്പോള്‍ ഏതുവിധേനയും പാര്‍ട്ടിയുടെ പിടിനിലനിര്‍ത്തുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. കേന്ദ്ര ഭരണം തുടര്‍ന്ന് കിട്ടിയാലും ഇല്ലെങ്കിലും വരുന്ന ആറുകൊല്ലത്തേക്ക് രാജ്യസഭയിലെങ്കിലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റാമെന്നാണ് ലക്ഷ്യം. ഇതേ ഗുജറാത്തിലാണ് കഴിഞ്ഞദിവസം പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ബി.ജെ.പിക്കാര്‍ കല്ലെറിഞ്ഞ് സുരക്ഷാഭടന് പരിക്കേല്‍പിച്ചത്. ബാലറ്റിലൂടെയും കഴിയില്ലെങ്കില്‍ ശാരീരികമായും രാഷ്ട്രീയപ്രതിയോഗികളെയും പ്രതിപക്ഷത്തെയും നിഷ്‌ക്രിയമാക്കുക എന്ന അത്യന്തം അപകടകരമായ പാതയിലാണിപ്പോള്‍ മോദിയുടെ കക്ഷി. കടന്നുവന്ന വഴികള്‍ അതിനവരെ പ്രാപ്തമാക്കിയിരിക്കാം.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending