Connect with us

Video Stories

സ്വന്തം ജനതക്കുമേലുള്ള സാമ്പത്തിക ഉപരോധം

Published

on

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്‍ക്കൊക്കെ മുറിവേല്‍ക്കും എന്നത് പൂര്‍ണമായി ബോധ്യപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ചില കണക്കുകള്‍ അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കും.
മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ വാദം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കണക്കുകള്‍കൊണ്ട് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചെറു ന്യൂനപക്ഷം മാത്രമായ സവര്‍ണ സംഘ്പരിവാര്‍ ശക്തികളുടെ താല്‍പര്യങ്ങള്‍ രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ കുത്സിത ശ്രമം മാത്രമാണ് ഈ നീക്കത്തിനു പിന്നില്‍. വെറുപ്പും വിദ്വേഷവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചവര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കൈക്കൊള്ളുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും അടവുനയങ്ങള്‍ മാത്രമാണിത്. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും.
കശാപ്പുശാലകളുടെ പ്രവര്‍ത്തനങ്ങളിലോ മാംസാഹാര ലഭ്യതയിലോ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ ഇത് ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനവും ആശ്രയവും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതു വഴിയുള്ള കൊള്ളക്കൊടുക്കലുകളുമാണ്. കോര്‍പ്പറേറ്റുകളുടെ കൂട്ടിക്കിഴക്കലുകള്‍ക്ക് അപ്പുറമാണ് ഈ സമ്പദ് വ്യവസ്ഥയുടെ സാന്നിധ്യവും പ്രസക്തിയും. നികുതിവിധേയമല്ലാത്ത ചെറിയ സാമ്പത്തി ഇടപാടുകള്‍ക്ക് പോലും കടിഞ്ഞാണ്‍ ഇടുന്ന മോദിയുടെ നോട്ടു നിരോധനവും ഇപ്പോള്‍ നടത്തിയിട്ടുള്ള കാലി വില്‍പ്പന നിരോധനവുമെല്ലാം പ്രഹരമേല്‍പ്പിക്കുന്നത് ഈ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കുമേലാണ്. ചന്തകള്‍ എന്നാല്‍ കാര്‍ഷികാവശ്യത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ല എന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. ചന്തകള്‍ കാര്‍ഷിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, അടിസ്ഥാനപരമായി വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്‍പര്യങ്ങള്‍ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. മറ്റുള്ളവയെല്ലാം അതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പ്രാചീന കാലംമുതല്‍ മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്‍ന്ന് പോരുന്നവരാണ് ഇന്ത്യന്‍ സമൂഹം. 2006ല്‍ നടത്തിയ ഹിന്ദു-സി.എന്‍.എന്‍-ഐബി.എന്‍ സര്‍വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്‍). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്. വിശ്വാസത്തിന്റെ ഭാഗമായി മാംസാഹാരം ഉപയോഗിക്കാത്തത് മേല്‍പറഞ്ഞ 31 ശതമാനത്തില്‍തന്നെ ചെറിയൊരു വിഭാഗം മാത്രമാണ്. ലിംഗായത്, വൈഷ്ണവ് സമുദായക്കാരും ബ്രാഹ്മണരും ജൈന മതക്കാരുമാണ് ഇതില്‍ വരുന്നത്. അനേക ജാതി, ഉപജാതി വിഭാഗങ്ങളായി പരന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ സമുദായങ്ങള്‍.
പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്. 23,303 കോടി രൂപയുടെ ബീഫ് കയറ്റുമതി തന്നെ നടക്കുന്നുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം 65 വിദേശ രാജ്യങ്ങളിലേക്കായി ഇന്ത്യ കയറ്റി അയച്ചത് 24 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ്. മാത്രമല്ല, രാജ്യത്ത് കശാപ്പു ചെയ്യപ്പെടുന്ന മാടുകളില്‍ 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന്(ആഭ്യന്തര കയറ്റുമതി ആവശ്യങ്ങള്‍ ഉള്‍പ്പെടെ) ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നവ ബട്ടന്‍സ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, പെയിന്റ്, ബ്രഷ് തുടങ്ങി 40ലധികം വ്യാവസായിക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ മേഖലകളിലെല്ലാം മോദിയുടെ നിരോധന അമ്പ് ചെന്ന് തറയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യും.
കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന സര്‍ക്കാര്‍ വാദവും കഴമ്പില്ലാത്തതാണ്. ഓരോ വര്‍ഷവും 2.2 കോടി മുതല്‍ 2.3 കോടി വരെ കാലികള്‍ മാംസ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. സ്വാഭാവികമായി ചത്തൊടുങ്ങുന്നതിനു പുറമെയാണിത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്തെ കാലി സമ്പത്തിന്റെ എണ്ണം 18- 19 കോടിയില്‍ സ്ഥായിയായി തുടരുകയാണ്. കശാപ്പ് കാലിസമ്പത്തിന്റെ എണ്ണം കുറയാന്‍ ഇടയാക്കുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞ കാലത്താണ്, കാര്‍ഷിക പുരോഗതിക്ക് കാലിസമ്പത്തിനെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപദേശം.
കന്നുകാലി വളര്‍ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിസമ്പത്തിന്റെ സംരക്ഷണമോ കാര്‍ഷിക പുരോഗതിയോ അല്ല, മറിച്ച് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലെന്ന വസ്തുതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ഒരു തീരുമാനം കൊണ്ട് രാജ്യത്തെ ദളിതരേയും മുസ്്‌ലിംകളേയും ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാന്‍ കഴിയുമെന്ന സംഘ്പരിവാറിന്റെ കണക്കുകൂട്ടല്‍ മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെ ആദ്യത്തേയും അവസാനത്തേയും പ്രേരണ. സ്വന്തം ജനതക്കുമേല്‍ ഒരു ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശേഷണവും മോദി സര്‍ക്കാറിന്റെ ഈ തീരുമാനത്തിന് നല്‍കാനാവില്ല.

Health

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Published

on

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറൽ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതിൽ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

Trending